ചെന്നൈ; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തമിഴ്‌നാട് മന്ത്രി വി സെന്തിൽ ബാലാജി രാജിവച്ചു. അറസ്റ്റിലായതിന് പിന്നാലെ ഇത് വരെ വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സെന്തിൽ പുഴൽ ജയിലിലാണ് തടവിൽ കഴിയുന്നത്. കോടതി നിരന്തരം ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഒടുവിൽ മന്ത്രിസ്ഥാനം രാജി വയ്ക്കുകയായിരുന്നു.
2011 മുതൽ 2015 വരെ ജയലളിത സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി കോഴ വാങ്ങിയെന്നാണ് സെന്തിൽ ബാലാജിക്ക് എതിരെയുള്ള ആരോപണം.ഉദ്യോഗസ്ഥരുമായി ചേർന്ന് സെന്തിൽ ബാലാജി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർഥികളുടെ മാർക്കിൽ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇ.ഡിയുടെ റിപ്പോർട്ടിലുണ്ട്.
മന്ത്രിയുടെ അടുത്ത സഹായികളായ ബി.ഷൺമുഖം, എം.കാർത്തികേയൻ എന്നിവരാണ് ഇടപാടുകൾ നടത്തിയതെന്ന് ഇ.ഡി ആരോപിക്കുന്നു. ബാലാജിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് പണം വാങ്ങിയെന്നാണ് പരാതിക്കാരുടെ മൊഴി. സെന്തിൽ ബാലാജിയുടെ അക്കൗണ്ടിൽ 1.34 കോടി രൂപയും അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിൽ 29.55 ലക്ഷം രൂപയും നിക്ഷേപിച്ചെന്ന് ബാങ്ക് സ്റ്റേറ്റ്‌മെന്റുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post