ന്യൂഡൽഹി : രാജ്യത്തെ ജനങ്ങൾക്കായി സൗജന്യ വൈദ്യുതി പദ്ധതി അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാമാസവും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന ‘പി എം സൂര്യ ഘർ’ സൗജന്യ വൈദ്യുതി പദ്ധതിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സുസ്ഥിരവികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ആയാണ് ഈ പുതിയ പദ്ധതി ആരംഭിക്കുന്നത് എന്ന് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പ്രധാനമന്ത്രി വ്യക്തമാക്കി.
75,000 കോടി രൂപ മുതൽമുടക്കിലാണ് ‘പി എം സൂര്യ ഘർ’ പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ രാജ്യത്തെ ഒരു കോടി വീടുകളിൽ ആയിരിക്കും പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ മുഴുവൻ ചെലവും കേന്ദ്രസർക്കാർ തന്നെയായിരിക്കും വഹിക്കുന്നത്. ദേശീയ ഓൺലൈൻ പോർട്ടൽ വഴിയാണ് ആദ്യഘട്ടത്തിൽ പദ്ധതിക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.
നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പഞ്ചായത്തുകളും ഈ സൗജന്യ വൈദ്യുതി പദ്ധതി താഴെത്തട്ടിൽ ജനകീയമാക്കാൻ സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. പദ്ധതിയെക്കുറിച്ചുള്ള അറിവ് എല്ലാ ജനങ്ങളിലേക്കും എത്തിക്കണം. സൗജന്യ വൈദ്യുതി പദ്ധതി നടപ്പിൽ വരുന്നതോടെ ജനങ്ങളുടെ വൈദ്യുതി ബില്ലിലുള്ള ഭാരം കുറയുകയും വരുമാനം വർദ്ധിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post