കോഴിക്കോട് : വീട്ടിലെ അലമാരയിൽ നിന്നും മോഷണം പോയ 8 പവൻ സ്വർണാഭരണങ്ങൾ രണ്ടുദിവസത്തിനുശേഷം വീടിനു പുറകിൽ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ. വടകരയിൽ ലോകനാർക്കാവിന് സമീപമാണ് സംഭവം. കിടഞ്ഞോത്ത് അനിൽകുമാറിന്റെ വീട്ടിൽ നിന്നും മോഷണം പോയ ആഭരണങ്ങളാണ് രണ്ടു ദിവസത്തിനുശേഷം തിരികെ ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അനിൽകുമാറിന്റെ വീട്ടിൽ മോഷണം നടന്നത്.
വീട്ടുകാർ ജോലിക്ക് പോയ സമയത്താണ് പുറകുവശത്തെ വാതിൽ വഴി വീട്ടിൽ കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന 8 പവൻ സ്വർണാഭരണങ്ങൾ കവർന്നത്. ഒരു മാല, ബ്രേസ്‌ലെറ്റ്, മോതിരം എന്നിവയായിരുന്നു മോഷണം പോയിരുന്നത്. മോഷണം നടന്ന വിവരം അറിഞ്ഞ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.
സംഭവത്തിൽ വടകര പോലീസ് കേസെടുത്തു അന്വേഷണം നടത്തുന്നതിനിടയിലാണ് തിങ്കളാഴ്ച ഇതേ വീടിന്റെ പുറകുവശത്ത് ഇരുന്നിരുന്ന ബക്കറ്റിൽ മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെ പുറത്തിറങ്ങിയ വീട്ടുകാരായിരുന്നു ബക്കറ്റിലെ വെള്ളത്തിൽ സ്വർണാഭരണങ്ങൾ കിടക്കുന്നത് കണ്ടത്. തുടർന്ന് വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എസ്ഐ കെ മുരളീധരനും സംഘവും സ്ഥലത്തെത്തി ആഭരണങ്ങൾ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തി.
Discussion about this post