ന്യൂഡൽഹി : ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഒരുങ്ങി പ്രതിപക്ഷം. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സഭയിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം ഒരുങ്ങുന്നത്. രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രസിഡന്റുമായ മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്റ് ഹൗസ് സമുച്ചയത്തിലെ ഓഫീസിൽ നടന്ന ഇന്ത്യാ ബ്ലോക്ക് ഫ്‌ളോർ ലീഡർമാരുടെ യോഗത്തിലാണ് തീരുമാനം.
പാർലമെന്ററി നിയമങ്ങൾ അനുസരിച്ച്, പ്രതിപക്ഷ നേതാവ് ഒരു നിഴൽ പ്രധാനമന്ത്രിയാണെന്ന് കോൺഗ്രസ് എംപി കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു. “എന്നാൽ ഇവിടെ, പ്രതിപക്ഷ നേതാവിന് സഭയിൽ സംസാരിക്കാൻ അനുവാദമില്ല. സർക്കാരിന് എന്തും പറയാം, ആരെയും ആക്രമിക്കാം. കോൺഗ്രസ് വനിതാ എംപിമാർക്കെതിരെ സ്പീക്കർ തന്നെ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്, പക്ഷേ ഈ സഭയിൽ പ്രതിപക്ഷത്തിന് ഇടമില്ല, അവർക്ക് അനുവാദവുമില്ല. പ്രതിപക്ഷത്തിനെതിരെ ഇത്തരത്തിലുള്ള മനോഭാവം ഇതിനുമുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല. നടപടിക്കായി ഞങ്ങൾ കാത്തിരിക്കും,” എന്നും കെ സി വേണുഗോപാൽ സൂചിപ്പിച്ചു.








