ന്യൂഡൽഹി: ഡൽഹിയിൽ നടക്കാനിരിക്കുന്ന ബിജെപി ദേശീയ കൺവെൻഷനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഫെബ്രുവരി 17, 18 തീയതികളിലാണ് കൺവെൻഷൻ നടക്കുക. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷനിൽ മോദി സർക്കാർ കൈവരിച്ച നേട്ടങ്ങൾ തലസ്ഥാനത്ത് ഉയർത്തിക്കാട്ടും. ഡൽഹിയിലെ ബിജെപി ആസ്ഥാനം മുതൽ ഭാരത് മണ്ഡപം വരെ മോദി സർക്കാരിന്റെ 12 സുപ്രധാന നേട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള തീം പ്രദർശിപ്പിക്കും.
ആദ്യ കട്ട് ഔട്ട് ബിജെപി ആസ്ഥാനത്ത് ആയിരിക്കും സ്ഥാപിക്കുക. തേജസ് യുദ്ധ വിമാനത്തിന്റെയും വ്യോമസേനാ യൂണിഫോമിലുള്ള പ്രധാനമന്ത്രിയുടെ ചിത്രവും ഇവിടെ പ്രദർശിപ്പിക്കും. ഇത് കൂടാതെ സർക്കാരിന്റെ നേട്ടങ്ങളെ പ്രമേയമാക്കിക്കൊണ്ടുള്ള 11 കട്ട് ഔട്ടുകൾ പ്രദർശിപ്പിക്കും. അയോദ്ധ്യ ക്ഷേത്രം, ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ, കോവിഡ് വാക്‌സിൻ, ജൻ ധൻ അക്കൗണ്ട്, എന്നിവയുൾപ്പെടെയുള്ള മോദി ഗവൺമെന്റിന്റെ നേട്ടങ്ങളാകും ഈ ചിത്രങ്ങളിൽ ഉണ്ടായിരിക്കുക.
ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യും. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തിൽ സംസ്ഥാന ഭാരവാഹികൾക്ക് പുറമേ, പഞ്ചായത്ത്, കോർപ്പറേഷൻ, തലത്തിലുള്ള ജനറൽ സെക്രടട്ടറിമാർക്കും സൈൽ കൺവീനർമാർക്കും മോർച്ച അദ്ധ്യക്ഷൻമാർക്കും ഉൾപ്പെടെ കൺവെൻഷനിലേക്ക് ക്ഷണമുണ്ട്.
Discussion about this post