ന്യൂഡൽഹി : പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ. മമത ബാനർജി ഇ.ഡി ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചതായി അന്വേഷണ ഏജൻസി സുപ്രീംകോടതിയെ അറിയിച്ചു. കൊൽക്കത്തയിൽ നടന്ന ഐ-പിഎസി റെയ്ഡിനിടെ ആയിരുന്നു മമത ഉദ്യോഗസ്ഥന്റെ ഫോൺ മോഷ്ടിച്ചത് എന്നാണ് ഇ.ഡി സൂചിപ്പിക്കുന്നത്.
ജനുവരി 8 ന് കൊൽക്കത്തയിലെ ഐ-പിഎസി ആസ്ഥാനത്തും അതിന്റെ ഡയറക്ടർ പ്രതീക് ജെയിനിന്റെ വസതിയിലും നടന്ന റെയ്ഡുകളിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇടപെട്ടതിനെ ചോദ്യംചെയ്ത് ഇ.ഡി സുപ്രീംകോടതിയിൽ ഹർജി നൽകി. റെയ്ഡിനിടെ മമത ബാനർജിയും ഉന്നത ഉദ്യോഗസ്ഥരും ഓഫീസിലേക്ക് അതിക്രമിച്ചു കയറിയതായി ഇ.ഡി ആരോപിച്ചു. കൽക്കരി കള്ളക്കടത്ത് അഴിമതിയുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ മമത ബാനർജി നിർബന്ധിതമായി പിടിച്ചെടുത്തുവെന്നും ഇ.ഡി.ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആരോപിച്ചു.
കൽക്കരി കുംഭകോണം അന്വേഷണത്തിൽ പശ്ചിമ ബംഗാൾ സംസ്ഥാന സർക്കാർ ആവർത്തിച്ച് തടസ്സങ്ങൾ സൃഷ്ടിക്കുന്നതായി ഇഡി ആരോപിച്ചു. ഇത്തരം സംഭവങ്ങൾ ഉദ്യോഗസ്ഥരെ അവരുടെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും കേന്ദ്ര സേനയുടെ മനോവീര്യം തകർക്കുകയും ചെയ്യുമെന്ന് എസ്.ജി. മേത്ത പറഞ്ഞു. റെയ്ഡിനിടെ സന്നിഹിതരായിരുന്ന ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാനും അവർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടാനും സുപ്രീം കോടതി ഒരു മാതൃക കാണിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.











Discussion about this post