തൃശൂരിലെ റെയിൽവേ വികസനത്തിൽ പുത്തൻ കുതിച്ചുചാട്ടം. ഗുരുവായൂർ-തൃശൂർ റൂട്ടിൽ യാത്രക്കാർ ഏറെക്കാലമായി കാത്തിരുന്ന പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് കേന്ദ്ര റെയിൽവേ മന്ത്രാലയം അനുവദിച്ചു.കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ഈ സന്തോഷവാർത്ത ഭക്തജനങ്ങൾക്കും യാത്രക്കാർക്കുമായി പങ്കുവെച്ചത്. തൃശൂർ-ഗുരുവായൂർ റൂട്ടിലെ കടുത്ത യാത്രാക്ലേശത്തിന് പരിഹാരമായാണ് ദിവസേന സർവീസ് നടത്തുന്ന പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും ജനങ്ങൾ നൽകിയ നിവേദനങ്ങൾ റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയ സുരേഷ് ഗോപിയുടെ നിരന്തര പരിശ്രമമാണ് ഇപ്പോൾ ലക്ഷ്യം കണ്ടിരിക്കുന്നത്.അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി തൃശൂർ റെയിൽവേ സ്റ്റേഷനെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ ട്രെയിൻ കൂടി എത്തുന്നത്.
സുരേഷ് ഗോപിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം: ഗുരുവായൂർ-തൃശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ച സന്തോഷവാർത്ത പങ്കുവെക്കുന്നു! ഏറെ കാലമായി സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും നിങ്ങൾ നല്‍കിയ അഭ്യര്‍ത്ഥനകള്‍ക്കും കാത്തിരിപ്പിനും ഇപ്പോൾ ശുഭകരമായ ഒരു തീരുമാനമായിരിക്കുകയാണ്.കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ഈ തീരുമാനം നമ്മുടെ യാത്രാക്ലേശത്തിന് വലിയൊരു ആശ്വാസമാകും.പുതിയ ട്രെയിൻ വിവരങ്ങൾ താഴെ നൽകുന്നു:
ട്രെയിൻ നമ്പർ: 56115/56116 തൃശൂർ-ഗുരുവായൂർ പാസഞ്ചർ.സർവീസ്: ദിവസേന (ഡെയിലി).സമയക്രമം:തൃശ്ശൂരിൽ നിന്ന് രാത്രി 08:10-ന് പുറപ്പെട്ട് 08:45-ന് ഗുരുവായൂരിലെത്തും. ഗുരുവായൂരിൽ നിന്ന് വൈകുന്നേരം 06:10-ന് പുറപ്പെട്ട് 06:50-ന് തൃശ്ശൂരിലെത്തും.ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഈ പ്രൊപ്പോസലിന് അംഗീകാരം നൽകിയ റെയിൽവേ മന്ത്രാലയത്തിനും ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നാടിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് മുന്നോട്ട് നീങ്ങാം.സ്നേഹത്തോടെ, സുരേഷ് ഗോപി.













Discussion about this post