ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് നയതന്ത്ര പ്രതിസന്ധി പുതിയ തലത്തിലേക്ക് നീങ്ങുന്നു. മുൻ നായകൻ തമീം ഇക്ബാലിനെ ‘ഇന്ത്യൻ ഏജന്റ്’ എന്ന് വിളിച്ച ബോർഡ് ഡയറക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബംഗ്ലാദേശ് പ്രീമിയർ ലീഗ് (BPL) താരങ്ങൾ മത്സരങ്ങൾ ബഹിഷ്കരിക്കുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്.
ഇന്ന് നടക്കേണ്ടിയിരുന്ന ചാറ്റോഗ്രാം റോയൽസ് – നോവാഖാളി എക്സ്പ്രസ് മത്സരം താരങ്ങൾ ബഹിഷ്കരിച്ചു. ടോസിനായി മാച്ച് റഫറി ഷിപാർ അഹ്മദ് ഗ്രൗണ്ടിലെത്തിയെങ്കിലും ഇരു ടീമിലെയും താരങ്ങൾ ഹോട്ടൽ വിട്ടിറങ്ങിയില്ല. ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് നിർദ്ദേശിച്ച മുൻ നായകൻ തമീം ഇക്ബാലിനെ ബോർഡ് ഡയറക്ടർ നസ്മുൾ ഇസ്ലാം ‘ഇന്ത്യൻ ഏജന്റ്’ എന്ന് വിളിച്ചതാണ് താരങ്ങളെ ചൊടിപ്പിച്ചത്. നസ്മുളിനെ പുറത്താക്കാതെ കളിക്കളത്തിലേക്ക് തിരിച്ചെത്തില്ലെന്നാണ് താരങ്ങളുടെ നിലപാട്.
മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് വിലക്കിയ ബിസിസിഐ നടപടിയോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇതിന് പകരമായി ബംഗ്ലാദേശ് ഐപിഎൽ സംപ്രേക്ഷണം നിരോധിച്ചു. ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിന്റെ വേദി മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളുകയും ചെയ്തിരുന്നു. നസ്മുളിന്റെ പരാമർശം വ്യക്തിപരമാണെന്നും ബോർഡിന്റേതല്ലെന്നും ബിസിബി വിശദീകരിച്ചെങ്കിലും, കൃത്യമായ നടപടിയില്ലാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് താരങ്ങൾ ഉറപ്പിച്ചു പറയുന്നു.













Discussion about this post