തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം മോട്ടോർ വാഹനവകുപ്പ് മെയ് മുതൽ നടപ്പാക്കുമെന്ന് വിവരം.പഴയതുപോലെ ‘എച്ച്’ എടുത്ത് ഇനി കാർ ലൈസൻസുമായി പോകാനാകില്ല. കയറ്റവും ഇറക്കവും റിവേഴ്സ് പാർക്കിങ്ങുമൊക്കെയുള്ള മാതൃകയാണ് ഒരുക്കിയിരിക്കുന്നത്. സമാന്തര പാർക്കിങ്, ആംഗുലാർ പാർക്കിങ് തുടങ്ങിയവയുമുണ്ട്. ടേണിങ് റേഡിയസ് കുറഞ്ഞ വണ്ടിയും പരിശോധിച്ചാണു പുതിയരീതി രൂപപ്പെടുത്തിയിരിക്കുന്നത്. പരിഷ്‌കാരം സംബന്ധിച്ചു നിർദേശമറിയിക്കാൻ ചുമതലപ്പെടുത്തിയ പത്തംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
സംവിധാനങ്ങളെല്ലാം മൈതാനത്ത് ഒരുക്കണം. ഇതു വിശദീകരിക്കാനായി ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ യോഗം കഴിഞ്ഞദിവസം വിളിച്ചിരുന്നു. പുതിയരീതി ഉടൻ നടപ്പാക്കുമെന്നും അറിയിച്ചു. പരിശോധനാകേന്ദ്രങ്ങൾ ഒരുക്കണമെന്നു സ്‌കൂളുകാരോട് നിർദേശിച്ചിരുന്നു.
സംസ്ഥാനത്ത് 86 ഡ്രൈവിങ് പരിശോധനാ കേന്ദ്രങ്ങളാണുള്ളത്. ഇതിൽ പത്തെണ്ണമേ മോട്ടോർവാഹന വകുപ്പിന്റേതായുള്ളൂ. മറ്റിടങ്ങളിൽ പൊതുസ്ഥലങ്ങളാണ് ഉപയോഗിക്കുന്നത്. ഇവിടെ സ്ഥിരം സംവിധാനമൊരുക്കാൻ സാധിക്കുകയുമില്ല. അവിടങ്ങളിൽ പുതിയസ്ഥലം കണ്ടെത്തേണ്ടിവരും.












