ഡെറാഡൂൺ: ഇന്ത്യയിലെ ആദ്യ ഹെലികോപ്റ്റർ മെഡിക്കൽ സേവനങ്ങൾ ഉത്തരാഖണ്ഡിൽ തുടങ്ങാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇന്ത്യയിലെ ആദ്യത്തെ ഹെലികോപ്റ്റർ എമർജൻസി മെഡിക്കൽ സർവീസ് (HEMS) ഉത്തരാഖണ്ഡിൽ നിന്ന് ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് വ്യാഴാഴ്ച അറിയിച്ചത് .
ഋഷികേശിലെ ഓൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഹെലികോപ്റ്റർ വിന്യാസം നടത്തുമെന്നും അവിടെ നിന്ന് 150 കിലോമീറ്റർ ചുറ്റളവിൽ എവിടെ നിന്നും ആളുകളെ വിമാനമാർഗം ആശുപത്രിയിൽ എത്തിക്കാൻ ഹെലികോപ്റ്റർ ലഭ്യമായിരിക്കുമെന്നും സിന്ധ്യ സമൂഹമാദ്ധ്യമമായ എക്‌സിൽ കൂടെ അറിയിച്ചു. നിലവിൽ ‘സഞ്ജീവനി’ പദ്ധതിക്ക് കീഴിലാണ് എച്ച്ഇഎംഎസ് പ്രവർത്തിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . ഹെലികോപ്ടർ ഇപ്പോൾ അസംബിൾ ചെയ്ത് സർട്ടിഫിക്കേഷൻ പ്രക്രിയയിലാണ്.
ഉത്തരാഖണ്ഡിലെ ഡെറാഡൂൺ, പന്ത് നഗർ, പിത്തോരഗഡ് എന്നിവ ഉൾപ്പെടുന്ന മൂന്ന് വിമാനത്താവളങ്ങൾ സർക്കാർ നവീകരിക്കുകയാണ്.” വരും വർഷങ്ങളിൽ ഹെലിപോർട്ടുകളുടെ എണ്ണം 21 ആയി ഉയർത്തുമെന്നും സംസ്ഥാനത്തെ എയർ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് സിന്ധ്യ പറഞ്ഞു. ഹിന്ദു പാരമ്പര്യത്തിലെ പുരാതനമായ അനവധി ക്ഷേത്രങ്ങൾ നിലനിൽക്കുന്ന ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാർ അതീവ ശ്രദ്ധയാണ് കൊടുക്കുന്നത്
Discussion about this post