രാജ്കോട്ട്: ദുർബലരാകുമ്പോൾ കിട്ടുമ്പോൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുന്ന പതിവ് വീണ്ടും ആവർത്തിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിനെതിരെയുള്ള മൂനാം ടെസ്റ്റിലാണ് സാഹചര്യങ്ങൾ മുഴുവൻ പ്രതികൂലമായ അവസ്ഥയിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെ പോലെ ചാരത്തിൽ നിന്നും ഇന്ത്യൻ ടീം കുതിച്ചുയർന്നത്.
രണ്ടാം ദിനം 3 കളി നിർത്തുമ്പോൾ 207/2 എന്ന ശക്തമായ നിലയിലാണ് ഇംഗ്ലണ്ട് ഉണ്ടായിരുന്നത്. ബെൻ ഡക്കറ്റിന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ നിൽക്കകള്ളിയില്ലാതെ ഉഴറുകയായിരിന്നു ഇന്ത്യൻ ബൗളർമാർ. അതിനിടയിലാണ് 500 വിക്കറ്റ് നേടിയ ഇന്ത്യയുടെ മാസ്റ്റർ സ്പിന്നർ വ്യക്തിപരമായ കാരണങ്ങളാൽ കളിയുടെ മധ്യത്തിൽ നിന്നും പിന്മാറിയത്. ഈയൊരു സാഹചര്യത്തിൽ തീർത്തും ബാക് ഫൂട്ടിൽ ആയിരുന്ന അവസരത്തിലാണ് ഇന്ത്യയുടെ ബൗളർമാർ ഇംഗ്ലണ്ടിനെ നിലം തൊടാതെ പറപ്പിച്ചത്. 207/ 2 എന്ന ശക്തമായ നിലയിൽ നിന്നും 319 റൺസിന് മുഴുവൻ ഇംഗ്ലണ്ട് ടീമിനെയും പുറത്താക്കി കൊണ്ട് ഇന്ത്യൻ ബൗളർമാർ ശക്തമായ തിരിച്ചു വരവ് നടത്തി.
എന്നാൽ ബൗളർമാർ നിർത്തിയിടത്തു നിന്നും ഇന്ത്യൻ ബാറ്റർമാർ തുടങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. നായകൻ രോഹിത് ശർമയെ പെട്ടെന്ന് നഷ്ടപ്പെട്ടെങ്കിലും, തകർപ്പനടികളുമായി കളം നിറഞ്ഞ യശസ്വി ജൈസ്വാളും, നിലയുറപ്പിച്ചു കളിച്ച ഗില്ലും ചേർന്ന് ഇന്ത്യൻ ലീഡ് 300 കടത്തി.
ഇന്ത്യയുടെ മുഹമ്മദ് സിറാജ് നാല് വിക്കറ്റും കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും ജസ്പ്രീത് ബുംറയും രവിചന്ദ്രൻ അശ്വിനും ഓരോ വിക്കറ്റും വീഴ്ത്തി.
രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ തകർപ്പൻ തുടക്കമിട്ടെങ്കിലും 12-ാം ഓവറിൽ നായകൻ രോഹിത് ശർമ്മയെ (19) ജോ റൂട്ട് വിക്കറ്റിന് മുന്നിൽ കുടുക്കി
ഇതിന് പിന്നാലെ യശസ്വി ജയ്‌സ്വാളും ശുഭ്‌മാൻ ഗില്ലും 195 പന്തിൽ 155 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ കളി ഏതാണ്ട് ഇംഗ്ലണ്ടിൽ നിന്നും അകന്നു . നിലവിൽ മൂനാം ദിനം കളി നിർത്തുമ്പോൾ 196/2 എന്ന സ്കോറോടെ ഇന്ത്യക്ക് ഇപ്പോൾ 322 റൺസിൻ്റെ ലീഡുണ്ട്
Discussion about this post