ന്യൂഡൽഹി : രാജ്കോട്ടിൽ പുതിയ ചരിത്രമെഴുതി യശസ്വി ജയ്‌സ്വാൾ. ഒരു ഇന്നിംഗ്സിൽ 12 സിക്സറുകളും പരമ്പരയിലെ രണ്ടാമത്തെ ഇരട്ട സെഞ്ചുറിയും നേടി കൊണ്ട് ജയ്‌സ്വാൾ രണ്ട് ലോക റെക്കോർഡുകൾ ആണ് ഇന്നത്തെ മത്സരത്തിൽ നേടിയത്. ഒരു ടെസ്റ്റ് ഇന്നിംഗ്‌സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ബാറ്റ്‌സ്മാനായി ഇതോടെ യശസ്വി ജയ്‌സ്വാൾ മാറി.
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിൻ്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ആയിരുന്നു യശസ്വി ജയ്‌സ്വാൾ. ഞായറാഴ്ച നടന്ന മത്സരത്തിൽ തുടർച്ചയായ രണ്ടാം ഡബിൾ സെഞ്ച്വറി നേടിയതോടെ ഒരു ടെസ്റ്റ് പരമ്പരയിൽ 500 റൺസിന് മുകളിൽ സ്കോർ ചെയ്യുന്ന ഇന്ത്യയിലെ രണ്ടാമത്തെ താരമായും ജയ്‌സ്വാൾ മാറി. മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി 2007ൽ പാകിസ്താനെതിരായ പരമ്പരയിൽ 534 റൺസ് നേടിയിരുന്നതാണ് ഇതിനു മുൻപ് ഒരു ഇന്ത്യൻ താരം നേടിയിരുന്ന റെക്കോർഡ്.
ജയ്‌സ്വാളിൻ്റെ ഇന്നത്തെ മത്സരത്തിലെ 12 സിക്‌സറുകൾ ഇന്ത്യൻ ടീമിനെ മറ്റൊരു ലോക റെക്കോർഡ് തകർക്കാനും സഹായിച്ചു. ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ടീമായി ഇതോടെ ഇന്ത്യ മാറി. ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ഇന്ത്യൻ താരമായും യശസ്വി മാറി. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ റെക്കോർഡാണ് യശസ്വി ജയ്‌സ്വാൾ രാജ്കോട്ടിൽ തകർത്തത്.
Discussion about this post