ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ കലവൂരിൽ 13 വയസ്സുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകർക്കെതിരെ പരാതിയുമായി കുടുംബം. നിസ്സാര കാര്യങ്ങൾക്ക് പോലും സ്കൂളിലെ അധ്യാപകർ കുട്ടിയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നു എന്നാണ് കുടുംബം പരാതിപ്പെടുന്നത്. അദ്ധ്യാപകരിൽ നിന്നുള്ള പീഡനത്തിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കലവൂരിലെ മനോജ്-മീര ദമ്പതികളുടെ മകനായ പ്രജിത്ത് വീടിനുള്ളിൽ തൂങ്ങിമരിക്കുന്നത്. കാട്ടൂരിലെ ഹോളി ഫാമിലി വിസിറ്റേഷൻ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു പ്രജിത്ത്. കഴിഞ്ഞ വ്യാഴാഴ്ച അവസാന പീരീഡ് സമയത്ത് പ്രജിത്തും സഹപാഠിയായ വിജയും ക്ലാസ്സിൽ എത്താൻ വൈകിയിരുന്നു. വിജയ് തലകറങ്ങി വീണതിനാൽ വെള്ളം എടുക്കാൻ പോയതാണെന്ന് പ്രജിത്ത് പറഞ്ഞെങ്കിലും അദ്ധ്യാപകർ വിശ്വസിച്ചില്ലെന്നാണ് ആരോപണം.
ഈ വിഷയത്തിൽ സ്കൂളിലെ പിടി അദ്ധ്യാപകനായ ക്രിസ്തുദാസ് പ്രജിത്തിനെ ചൂരൽ കൊണ്ട് പലതവണ അടിക്കുകയും കഞ്ചാവ് ഉപയോഗിക്കാറുണ്ടോ എന്ന് ചോദിച്ച് കുട്ടികളുടെ മുൻപിൽ വച്ച് അപമാനിക്കുകയും ചെയ്തുവെന്ന് കുടുംബം പരാതിപ്പെടുന്നു. കടുത്ത മനോവിഷമത്തിൽ ആയിരുന്നു അന്ന് പ്രജിത്ത് വീട്ടിലേക്ക് മടങ്ങിയത്. പ്രജിത്തിന്റെ മൂത്ത സഹോദരനായ പ്രണവ് സ്കൂളിൽ നിന്നും വന്ന സമയത്താണ് കുട്ടിയെ സ്കൂൾ യൂണിഫോമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മണ്ണഞ്ചേരി പോലീസ് കേസെടുത്തു.
Discussion about this post