തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പണികൊടുത്ത് എഐ ക്യാമറ. ഗതാഗത നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് പിഴ.
കഴിഞ്ഞ വർഷം നവംബർ 12 നാണ് മുഖ്യമന്ത്രിയുടെ വാഹനം ഗതാഗത നിയമം ലംഘിച്ചതായി എഐ ക്യാമറ കണ്ടെത്തിയത്. ഈ സമയം മുഖ്യമന്ത്രി വാഹനത്തിൽ ഉണ്ടായിരുന്നില്ല. മറ്റൊരാൾ മുൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്നതാണ് ചിത്രത്തിൽ ഉള്ളത്. ഇയാൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഇതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. 500 രൂപ അടയ്ക്കാനായിരുന്നു നിർദ്ദേശം.
മുണ്ടക്കയം കുട്ടിക്കാനം റോഡിൽ സ്ഥാപിച്ച ക്യാമറയിലാണ് ഗതാഗത നിയമ ലംഘം പതിഞ്ഞിരിക്കുന്നത്. മുൻ വശത്തെ നമ്പർ പ്ലേറ്റിന് മുകളിലായി പോലീസ് എന്ന ബോർഡ് വച്ച വാഹനമാണ് മോട്ടോർ വാഹന വകുപ്പിന്റെ നിയമലംഘന ചിത്രത്തിലുള്ളത്. അതേസമയം പിഴ ചുമത്തി നാല് മാസം കഴിഞ്ഞിട്ടും തുക അടച്ചിട്ടില്ലെന്നാണ് വിവരം.












