ലക്‌നൗ: ടൈം ബോംബ് നിർമ്മിക്കാൻ നിർദ്ദേശം നൽകിയതിന് 60 കാരിയെ അറസ്റ്റ് ചെയ്ത് പോലീസ്. ഉത്തർപ്രദേശിലെ ഷാംലി സ്വദേശിനി ഇംറാന ബീഗത്തെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്ക് ബോംബ് നിർമിച്ചു നൽകിയ ജാവേദ് (25) എന്ന യുവാവും അറസ്റ്റിൽ. മുസാഫർനഗറിലെ കാളി നദിയുടെ സമീപത്തുവെച്ച് വ്യാഴാഴ്ച രാത്രിയാണ് ഇയാളെ പിടികൂടിയത്.
ഗ്ലാസ് കൊണ്ട് നിർമിച്ച കുപ്പിയിൽ ഇരുമ്പ് പെല്ലറ്റുകൾ നിറച്ചാണ് ബോംബ് നിർമിച്ചത്. ജാവേദിനെ യുപിയിലെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ്(എസ്ടിഎഫ്) പിടികൂടി തൊട്ട് പിന്നാലെയാണ് ഇംറാനയെ അറസ്റ്റ് ചെയ്തത്. ബോംബുകൾ നിർമിച്ചശേഷം ഇംറാനയ്ക്ക് അവ നൽകാൻ പോകുന്നതിനിടെയാണ് ജാവേദിനെ എസ്ടിഎഫ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
2013-ൽ മുസാഫർ നഗറിൽ നടന്ന കലാപത്തിൽ തന്റെ വീട് തകർന്നതായും വീണ്ടും അക്രമം ഉണ്ടാകുകയാണെങ്കിൽ സുരക്ഷയ്ക്കായാണ് ബോംബുകൾ നിർമിച്ചതെന്നും സ്ത്രീ പോലീസിനോട് പറഞ്ഞു.
നാല് ടൈം ബോംബുകൾ നിർമിക്കുന്നതിന് ഇംറാന ബീഗം തനിക്ക് 10000 രൂപ നൽകിയതായി ജാവേദ് പോലീസിനോട് പറഞ്ഞു. ബോംബുകൾ നിർമിച്ച് നൽകിയതിന് ശേഷം 40,000 രൂപ കൂടി നൽകാമെന്ന് ഇവർ വാഗ്ദാനം ചെയ്തിരുന്നതായും ഇയാൾ പറഞ്ഞു.പടക്ക നിർമ്മാതാവായ അമ്മാവന്റെ ചില മാർഗനിർദേശങ്ങളും യൂട്യൂബിലൂടെയും ഇന്റർനെറ്റിലൂടെയും നടത്തിയ തുടർ ഗവേഷണങ്ങളോടെയുമാണ് ഇയാൾ ബോംബ് നിർമ്മാണത്തിൽ വൈദഗ്ധ്യം നേടിയത്.
കലാപത്തിൽ ഇവർക്ക് വീട് നഷ്ടപ്പെട്ടിരുന്നു. തന്റെ പരിചയക്കാരിൽ ഒരാളുടെ മകനായ ജാവേദിനെ അടുത്തിടെയാണ് ഇവർ കണ്ടുമുട്ടിയത്. ഇയാൾക്ക് സ്ഫോടന വസ്തുക്കൾ ഉണ്ടാക്കി പരിചയമുള്ളതായി ഇംറാന മനസ്സിലാക്കി. തുടർന്ന് ബോംബുകൾ ഉണ്ടാക്കാൻ ഇവർ ജാവേദിനോട് ആവശ്യപ്പെടുകയായിരുന്നു. ഭാവിയിൽ ഏതെങ്കിലും കലാപമുണ്ടാകുകയാണെങ്കിൽ അപ്പോൾ ഉപയോഗിക്കുന്നതിന് വേണ്ടിയായിരുന്നു അതെന്ന് പോലീസ് ചൂണ്ടിക്കാട്ടിയത്.











