തിരുവനന്തപുരം : സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങൾക്ക് ക്ഷേമപെൻഷൻ നൽകാൻ പോലും ഖജനാവിൽ പണം ഇല്ലെന്ന് പറയുന്ന സർക്കാരിന് മന്ത്രിമാരുടെയും മറ്റും വ്യക്തിഗത ആവശ്യങ്ങൾക്കായി എത്ര പണം വേണമെങ്കിലും ചിലവഴിക്കാൻ യാതൊരു മടിയുമില്ല എന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇപ്പോഴിതാ ആ കൂട്ടത്തിൽ സ്പീക്കർ എ എൻ ഷംസീറിന് ഔദ്യോഗിക വസതിയിൽ ജിമ്മും ഫിറ്റ്നസ് സെന്ററും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. സ്പീക്കർക്കുള്ള ഫിറ്റ്നസ് സെന്ററിനായി സർക്കാർ ടെൻഡർ വിളിച്ചിട്ടുണ്ട്.
ഫിറ്റ്നസ് സെന്ററിലേക്ക് ഏറ്റവും മികച്ച ഉപകരണങ്ങൾ തന്നെ വേണമെന്ന് ഷംസീർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പ്രകാരം ആവശ്യമായ ഫിറ്റ്‌നെസ് ഉപകരണങ്ങള്‍ വാങ്ങാന്‍ നിയമസഭ സെക്രട്ടറിയേറ്റ് ഈ മാസം 16 ന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 21ന് വൈകുന്നേരം 3 മണിക്ക് മുമ്പായാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ടത്.
നിയമസഭാ വളപ്പിലെ സ്പീക്കറുടെ ഔദ്യോഗിക വസതിയായ ‘നീതി’യിൽ ആണ് ജിം ഒരുക്കുന്നത്. ആവശ്യമായ ഉപകരണങ്ങളുടെ സ്പെസിഫിക്കേഷൻ അടക്കമാണ് സർക്കാർ ഇതിനായി ടെൻഡർ വിളിച്ചിട്ടുള്ളത്. എസി ട്രെഡ്മിൽ, ലെഗ് കേള്‍ ആന്റ് ലെഗ് എക്‌സ്റ്റെന്‍ഷന്‍, കൊമേഴ്‌സ്യല്‍ ക്രോസ് ട്രെയിനര്‍ എന്നി ഉപകരണങ്ങളാണ് പുതിയ ഫിറ്റ്നസ് സെന്ററിന്റെ ആദ്യഘട്ടത്തിലേക്ക് വാങ്ങുന്നത്. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് ഇടയിലുള്ള ഇത്തരം ധൂർത്തുകൾക്കെതിരെ കടുത്ത വിമർശനമാണ് ഇപ്പോൾ ജനങ്ങളിൽ നിന്നും ഉയരുന്നത്.
Discussion about this post