പാലക്കാട് : മൂത്രത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാമെന്ന് കണ്ടെത്തൽ. പാലക്കാട് ഐഐടി ആണ് ഈ നിർണായകമായ കണ്ടെത്തൽ നടത്തിയിട്ടുള്ളത്. മഗ്നീഷ്യം എയർ ഫ്യൂവൽ സെൽ ഉപയോഗിച്ച് പഴകിയ മൂത്രം കാറ്റലൈറ്റ് റിസോഴ്സ് വീണ്ടെടുക്കൽ ചെയ്താണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
പാലക്കാട് ഐഐടിയിലെ അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോ. പ്രവീണ ഗംഗാധരന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് മൂത്രത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയും എന്ന് കണ്ടെത്തിയത്. കാറ്റലൈസ്ഡ് റിസോഴ്സ് വീണ്ടെടുക്കൽ വഴി ഒരേസമയം മൂത്രത്തിൽ നിന്നും വൈദ്യുതിയും ജൈവവളവും ഉല്പാദിപ്പിക്കാൻ ആവും എന്നാണ് കണ്ടെത്തിയിട്ടുള്ളത്. നിലവിൽ മൃഗങ്ങളുടെ മൂത്രം ഉപയോഗിച്ചാണ് ഗവേഷക സംഘം പരീക്ഷണം നടത്തിയിട്ടുള്ളത്. എന്നാൽ ഇതേ രീതി വഴി മനുഷ്യ മൂത്രത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുമെന്നും ഗവേഷകർ അറിയിച്ചു.
5 ലിറ്റർ മൂത്രത്തിൽ നിന്ന് 500 മില്ലി വാട്ട് വൈദ്യുതിയാണ് ഈ രീതിയിൽ ഉത്പാദിപ്പിച്ചിട്ടുള്ളത്. ഏഴു മുതൽ 12 വോൾട്ടേജ് വരെയുള്ളതാണ് ഇത്. എൽഇഡി ലാമ്പുകൾ പ്രകാശിപ്പിക്കുക, മൊബൈൽ ഫോൺ ചാർജ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നതാണ് ഈ വൈദ്യുതി. വൈദ്യുതി യോടൊപ്പം ഓരോ 48 മണിക്കൂറിലും 10ഗ്രാം വളവും ലഭ്യമാകുമെന്ന് ഗവേഷകർ അറിയിച്ചു. ഈ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ ഗവേഷണങ്ങൾക്കായി കേന്ദ്രസർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക് കീഴിലുള്ള സയൻസ് ഫോർ ഇക്വിറ്റി എംപവർമെന്റ് വിഭാഗം ധനസഹായം നൽകാൻ സന്നദ്ധത അറിയിച്ചിട്ടുള്ളതായി ഗവേഷക സംഘം വ്യക്തമാക്കി.









Discussion about this post