തിരുവനന്തപുരം: അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ നമുക്ക് ആഘോഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹം ആശംസകൾ അറിയിച്ചത്.
ഇന്ന് അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ മലയാളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ നമുക്ക് ആഘോഷിക്കാം. അതോടൊപ്പം വർത്തമാനകാലത്തിന്റെ വെല്ലുവിളികളേറ്റെടുത്ത് അതിനെ വിപുലപ്പെടുത്താനും വളർത്താനും ശ്രമിക്കുമെന്നും പ്രതിജ്ഞ ചെയ്യാം. മാതൃഭാഷ കേവലമൊരു ആശയവിനിമയോപാധിയല്ല. നമ്മുടെ സംസ്‌കാരത്തിന്റെയും സാമൂഹ്യജീവിതത്തിന്റെയും അടിത്തറ കൂടിയാണത്. കേരളത്തിന്റെ സ്വത്വം നിർണ്ണയിക്കുന്ന നമ്മെയാകെ ചേർത്തു നിർത്തുന്ന ശക്തിയാണ് നമ്മുടെ മാതൃഭാഷയെന്നും പിണറായി പറഞ്ഞു.
അതിനാൽ മാതൃഭാഷയുടെ പ്രാധാന്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാൻ നമുക്ക് സാധിക്കണം. അതോടൊപ്പം അതിനെ ആധുനികവൽക്കരിക്കാനും പുതിയ വിജ്ഞാനത്തെ ഉൾക്കൊള്ളാനും വിനിമയം ചെയ്യാനും സാധിക്കും വിധം വിപുലപ്പെടുത്താനും ശ്രമിക്കണം. മലയാളത്തെ സ്‌നേഹിക്കുന്നതിലൂട നമ്മൾ സംരക്ഷിക്കുന്നത് കേരളത്തിന്റെ ചേതനയും തനിമയുമാണ്. ഭാഷാവൈവിധ്യത്തെ അംഗീകരിച്ചും മാതൃഭാഷയുടെ പ്രാധാന്യം ഉൾക്കൊണ്ടും ഈ ദിനം ആചരിക്കാം. ഏവർക്കും അന്താരാഷ്ട്ര മാതൃഭാഷാ ദിനാശംസകൾ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.












