ബംഗളൂരു: ലേണിംഗ് ആപ്പായ ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ഇഡിയാണ് അദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബൈജൂസ്. ഇതിന് പുറമേ നിരവധി കേസുകളും സ്ഥാപനത്തിനെതിരെയുണ്ട്. ഇതിനിടെയാണ് ഇഡി വകുപ്പിന്റെ നോട്ടീസ്.
നിരവധി കേസുകൾ ഉള്ളതിനാൽ ബൈജു രവീന്ദ്രൻ രാജ്യം വിടാൻ സാദ്ധ്യതയുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ഇതൊഴിവാക്കുന്നതിന് വേണ്ടിയാണ് നോട്ടീസ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട പശ്ചാത്തലത്തിൽ ബൈജു രവീന്ദ്രനെ നീക്കാനായി മാർക് സക്കർബർഗ് ഉൾപ്പെടെയുള്ള നിക്ഷേപകർ അടുത്ത ദിവസം ജനറൽ ബോഡി യോഗം വിളിച്ചിട്ടുണ്ട്. ഇതിനിടെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് ബൈജുവിന് ഇരട്ടി പ്രഹരമാണ്.
ബൈജൂസിനെതിരെ 9,362.35 കോടി രൂപയുടെ വിദേശനാണ്യ വിനിമയ ചട്ട ലംഘന കേസാണ് നിലവിലുള്ളത്. ചട്ടലംഘനം നടന്നതായുള്ള നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിൽ 27, 28 തിയതികളിൽ ഇഡി ബെെജുവിന്റെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച നിരവധി രേഖകൾ ആണ് ഇഡിയ്ക്ക് ലഭിച്ചത്. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post