ന്യൂഡൽഹി: പുസ്തകം തുറന്നു വച്ച് കൊണ്ട് പരീക്ഷ എഴുതാനുള്ള പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനൊരുങ്ങി സി ബി എസ് ഇ. നൂതന മൂല്യനിർണ്ണയ രീതികൾ സ്വീകരിക്കുന്നതിനുള്ള പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിൻ്റെ (NCF) ശുപാർശകളുടെ ഭാഗമായാണ് ഈ വർഷം 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിൽ ഓപ്പൺ-ബുക്ക് പരീക്ഷ (OBE) നടത്തുവാനുള്ള പദ്ധതിയുമായി പരീക്ഷണങ്ങൾ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) മുന്നോട്ട് പോകുന്നത്.
അതെ സമയം പൊതു പരീക്ഷകളിൽ ഈ സമ്പ്രദായം നടപ്പിലാക്കാനുള്ള ഒരു പ്ലാനും സി ബി എസ് ഇ ക്ക് ഇല്ലെന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ സിബിഎസ്ഇയുടെ കരിക്കുലം കമ്മിറ്റി യോഗത്തിലാണ് ഈ നിർദ്ദേശം ചർച്ച ചെയ്തതെന്ന് അധികൃതർ വെളിപ്പെടുത്തി.
ഓപ്പൺ ബുക്ക് പരീക്ഷകൾക്ക് കീഴിൽ, പരീക്ഷയിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും മറ്റ് പ്രസക്തമായ ഉറവിടങ്ങളും ഉപയോഗിക്കാൻ അനുവാദമുണ്ടെങ്കിലും ഈ ടെസ്റ്റുകൾ സാധാരണയായി ആശയപരവും വിശകലനപരവുമായ ചോദ്യങ്ങളാണ് ഉൾക്കൊള്ളുന്നത്. അതായത് ഒന്നിലധികം പുസ്തകങ്ങളും മറ്റ് സ്രോതസ്സുകളും ഉപയോഗിച്ച് വിശകലനം ചെയ്ത് മാത്രം ഉത്തരം എഴുതാവുന്ന തരം ചോദ്യങ്ങൾ ആയിരിക്കും ഓപ്പൺ ബുക്ക് എക്‌സാമുകളിൽ ഉണ്ടാവുക.
അതായത് നിങ്ങളുടെ കയ്യിൽ പുസ്തകം ഉണ്ടായത് കൊണ്ട് മാത്രം ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ കഴിയണമെന്നില്ല.
Discussion about this post