ഹൈദരാബാദ് : ആന്ധ്രപ്രദേശിൽ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന കോണ്ടം വിതരണം സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി മാറുകയാണ്. ആന്ധ്രയിലെ രണ്ട് പ്രധാന പാർട്ടികളെയും പേരും ചിഹ്നവും പതിച്ച കോണ്ടം പാക്കറ്റുകൾ ആണ് ജനങ്ങൾക്കിടയിൽ വിതരണം നടത്തുന്നത്. ജനങ്ങൾക്ക് കോണ്ടം വിതരണം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അവ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി മാറി.
കോണ്ടം പാക്കറ്റുകൾ വിതരണം ചെയ്യുന്ന ആളോട് എന്തിനാണ് കോണ്ടം നൽകുന്നത് എന്ന് ഒരു വ്യക്തി ചോദിക്കുമ്പോൾ കൂടുതൽ കുട്ടികൾ ഉണ്ടായാൽ സർക്കാരിന് കൂടുതൽ പണം ചിലവാക്കേണ്ടി വരും എന്നാണ് മറുപടി നൽകുന്നത്. ഈ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മാറിയത്. ആന്ധ്രയിലെ ഭരണകക്ഷിയായ വൈ എസ് ആർ കോൺഗ്രസ് പാർട്ടിയുടെയും പ്രധാന പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയുടെയും പേരും തിരഞ്ഞെടുപ്പ് ചിഹ്നവും ആലേഖനം ചെയ്തവയാണ് വിതരണം ചെയ്യുന്ന കോണ്ടം പാക്കറ്റുകൾ.
എന്നാൽ കോണ്ടം വിതരണത്തെ സംബന്ധിച്ചുള്ള വാർത്തകൾ ഇരു പാർട്ടികളും നിഷേധിച്ചു. തങ്ങളുടെ പാർട്ടി പ്രവർത്തകർ ആരും ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തിട്ടില്ല എന്നാണ് ഇരു പാർട്ടികളും വ്യക്തമാക്കുന്നത്. തങ്ങളെ അപമാനിക്കുന്നതിനായി എതിർകക്ഷികൾ ആണ് ഇത്തരത്തിൽ കോണ്ടം വിതരണം ചെയ്യുന്ന വിവാദ വീഡിയോ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് വൈ എസ് ആർ കോൺഗ്രസും തെലുങ്കുദേശം പാർട്ടിയും ഒരുപോലെ പറയുന്നത്. ഇത്തരത്തിൽ തരംതാണ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കണമെന്നും ഇരു പാർട്ടികളും പരസ്പരം ആവശ്യപ്പെട്ടു.
Discussion about this post