ബംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികൾ കടുപ്പിച്ചതിന് പിന്നാലെ ബൈജൂസ് ലേണിംഗ് ആപ്പിന്റെ ഉടമ ബൈജു രവീന്ദ്രൻ ഇന്ത്യ വിട്ടു. ഇയാൾ ദുബായിലേക്ക് കടന്നെന്നാണ് വിവരം. ഇന്ത്യയിൽ നിന്നും പോകുന്ന പക്ഷം അറയിക്കമെന്ന് ചൂണ്ടിക്കാട്ടി ഇഡി നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ, ഈ നിർദേശം മറികടന്നാണ് ഇപ്പോൾ ബൈജു ഇന്ത്യ വിട്ടിരിക്കുന്നത്.
സക്കർബർഗ് ഇനിഷ്യേറ്റീവ് അടക്കം ബൈജൂസിന്റെ പാരന്റ് കമ്പനിയിൽ 30% ഓഹരിയുള്ള നിക്ഷേപകർ നടത്തുന്ന യോഗത്തിൽ ബെജു രവീന്ദ്രൻ പങ്കെടുക്കില്ലെന്നാണ്് വിവരം. ഗ്രൂപ്പ് സിഇഒ സ്ഥാനത്ത് നിന്ന് ബൈജുവിനെ വോട്ടിനിട്ട് നീക്കുക എന്നതാണ് യോഗത്തിന്റെ അജണ്ട. സഹോദരൻ റിജു രവീന്ദ്രൻ, ഭാര്യ ദിവ്യ ഗോകുൽ നാഥ് എന്നിവരെയും തൽസ്ഥാനങ്ങളിൽ നിന്ന് നീക്കും. പുതിയൊരാളെ നിയമിക്കുന്നത് വരെ കമ്പനിക്ക് ഒരു ഇടക്കാല സിഇഒയെ യോഗം കണ്ടൈത്തും.
അതേസമയം, യോഗം നിയമവിരുദ്ധമെന്ന് ബൈജൂസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ബൈജു രവീന്ദ്രനടക്കമുള്ള ബോർഡ് മെമ്പർമാരില്ലാതെ നടക്കുന്ന ഇജിഎമ്മിൽ നടക്കുന്ന വോട്ടെടുപ്പ് നിയമപരമല്ല. ഇതിൽ എടുക്കുന്ന തീരുമാനങ്ങൾ കമ്പനികാര്യ നിയമം (2013) പ്രകാരം നിലനിൽക്കുന്നതല്ല. കമ്പനിയുടെ തുടർപ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനുള്ള പുകമറ മാത്രമാണ് ഇന്നത്തെ യോഗമെന്നും ബൈജൂസ് വാർത്താക്കുറിപ്പ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇഡി ബൈജുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബൈജൂസിനെതിരെ 9,362.35 കോടി രൂപയുടെ വിദേശനാണ്യ വിനിമയ ചട്ട ലംഘന കേസാണ് നിലവിലുള്ളത്. ചട്ടലംഘനം നടന്നതായുള്ള നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിൽ 27, 28 തീയതികളിൽ ഇഡി ബൈജുവിന്റെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച നിരവധി രേഖകൾ ആണ് ഇഡിയ്ക്ക് ലഭിച്ചത്. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post