മുംബൈ: ബി സി സി ഐ യുടെ കൃത്യമായ നിർദ്ദേശം ഉണ്ടായിട്ടും രഞ്ജി ട്രോഫി കളിക്കാതെ മാറി നിൽക്കുന്ന ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും എട്ടിന്റെ പണി കൊടുക്കാൻ തീരുമാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ്.ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന വാർത്തകൾ പ്രകാരം അടുത്ത വർഷത്തേക്കുള്ള സെൻട്രൽ കോൺട്രാക്ടിൽ നിന്നും ശിക്ഷാ നടപടിയെന്ന രീതിയിൽ ഇവർ രണ്ടു പേരെയും ഒഴിവാക്കിയേക്കും
ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്,അടുത്ത സീസണിലെ ബിസിസിഐ സെൻട്രൽ കരാറുമായി ബന്ധപ്പെട്ട കളിക്കാരുടെ പട്ടിക ഏതാനും ദിവസങ്ങൾക്കുള്ളിൽ ബിസിസിഐ പ്രഖ്യാപിക്കും. എന്നാൽ ആവർത്തിച്ചുള്ള മുന്നറിയിപ്പ് നൽകിയിട്ടും രഞ്ജി ട്രോഫി കളിക്കാത്തതിൻ്റെ ശിക്ഷയായി ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും പട്ടികയിൽ നിന്ന് ഒഴിവാക്കാനൊരുങ്ങുകയാണ് ബി സി സി ഐ
ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും ഈയിടെ മികച്ച സമയമല്ല. ഈ വർഷം ആദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ നിന്ന് വിട്ടുനിന്നതിന് ശേഷം കിഷൻ ഇന്ത്യക്കായി കളിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് അയ്യരെ മോശം പ്രകടനത്തിന്റെ പേരിൽ ഒഴിവാക്കിയിരിക്കുകയാണ് . വാസ്തവത്തിൽ, കളിക്കാർക്ക് ആഭ്യന്തര റെഡ്-ബോൾ ടൂർണമെൻ്റ് നിർബന്ധമായും കളിക്കണമെന്ന് ബിസിസിഐയുടെ കർശന നിർദ്ദേശം ഉണ്ടായിരുന്നിട്ടും രണ്ട് ബാറ്റർമാരും രഞ്ജി ട്രോഫിയിൽ പോലും വന്നിട്ടില്ല, ഇതിനെ തുടർന്നാണ് കടുത്ത നടപടികളുമായി മുന്നോട്ട് പോകാൻ ബി സി സി ഐ തീരുമാനിച്ചിരിക്കുന്നത്.
Discussion about this post