എറണാകുളം : കൊച്ചി കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ വർദ്ധിക്കുന്നതായുള്ള സൂചനയെ തുടർന്ന് കൊച്ചിയിലെ വിവിധ ഭാഗങ്ങളിൽ മിന്നൽ റെയ്ഡ് നടത്തി പോലീസ്. വിവിധ സ്ഥാപനങ്ങളിലും വാഹനങ്ങളിലും ആണ് പോലീസ് മിന്നൽ പരിശോധന നടത്തിയത്. കലൂർ കേന്ദ്രീകരിച്ചായിരുന്നു ഇന്ന് പോലീസിന്റെ പരിശോധന.
രാത്രി 9 മണി മുതൽ ആയിരുന്നു പോലീസ് മിന്നൽ റെയ്ഡ് ആരംഭിച്ചത്. നൂറോളം വരുന്ന പോലീസ് സംഘമാണ് പരിശോധനയ്ക്കായി ഉണ്ടായിരുന്നത്. കൊച്ചി എസിപിയായ രാജ്കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു വിവിധ സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തിയത്.
ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവയെ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് പോലീസ് മിന്നൽ പരിശോധന നടത്തിയത്. പരിശോധനയ്ക്കായി കലൂർ സ്റ്റേഡിയത്തിലേക്കുള്ള വഴികൾ എല്ലാം പോലീസ് നിയന്ത്രണത്തിൽ ആക്കിയിരുന്നു. സംശയം തോന്നുന്ന വാഹനങ്ങൾ പൂർണമായും പരിശോധിക്കണമെന്നാണ് എ സി പി പോലീസിന് നിർദ്ദേശം നൽകിയിരുന്നത്. കഴിഞ്ഞദിവസം മറൈൻഡ്രൈവിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികളായവരെയും ലഹരി ഇടപാടുകളിൽ ഏർപ്പെട്ടിരുന്ന വ്യക്തികളെയും പിടികൂടിയിരുന്നു.
Discussion about this post