കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റെന്ന് ലീഗിന്റെ ആവശ്യത്തോട് പ്രതികരിക്കാതെ സമസ്ത. ഇക്കാര്യത്തിൽ സംസാരിക്കേണ്ടത് ലീഗാണെന്ന് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മൂന്നാം സീറ്റിനെക്കുറിച്ച് സംസാരിക്കേണ്ടത് ലീഗാണ്. മൂന്നല്ല എത്ര സീറ്റുവേണമെങ്കിലും ലീഗിന് ചോദിക്കാം. ഇതിൽ സമസ്തയ്ക്ക് പ്രതികരിക്കാനില്ല. പൊന്നാനിയിൽ കെ.എസ് ഹംസയുടെ സ്ഥാനാർത്ഥിത്വത്തിൽ ഇടപെടില്ല. സമസ്ത തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്താറില്ല. സമസ്തയിലുള്ളവരോട് ആർക്ക് വോട്ട് ചെയ്യണമെന്ന് പറയില്ല. അംഗങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് നൽകാമെന്നും മുത്തുക്കോയ തങ്ങൾ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിൽ അധികമായി ഒരു സീറ്റ് കൂടി വേണമെന്ന ഉറച്ച നിലാപാടിലാണ് ലീഗ്. ഇതിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് കരുതുന്നു. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.












