തൃശൂർ: സാംസ്‌കാരിക മുഖാമുഖത്തില്‍ കെ ആർ നാരായണൻ ഇന്സ്ടിട്യൂട്ടിന്റെ പ്രവർത്തനത്തെ കുറിച്ച് ചോദ്യം ചോദിച്ചയാളോട് പൊട്ടി തെറിച്ച് മുഖ്യമന്ത്രി. കെആര്‍ നാരായണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ച് ഷിബു ചക്രവര്‍ത്തി ഉന്നയിച്ച ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഒരു അഭിപ്രായം പറയാന്‍ അവസരം തന്നാല്‍ എന്ത് അഭിപ്രായവും പറഞ്ഞു കളയരുത് എന്ന് മുഖ്യമന്ത്രി ഷിബു ചക്രവർത്തിയോട് നിർദ്ദേശിക്കുന്നതും കേൾക്കാമായിരുന്നു.
“നമുക്കൊരു കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുണ്ട്, ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് , തുടങ്ങിയിട്ട് പത്ത് വര്‍ഷമായി, കുട്ടികളാണെങ്കില്‍ ഓടിക്കളിക്കേണ്ട പ്രായമായി. പക്ഷേ കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓടുന്നില്ല. ഇതിങ്ങനെ മതിയോ? പൂനാ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് പോലെ ചുരുങ്ങിയത് കൽക്കട്ട സത്യജിത് റായ് ഇൻസ്റ്റിറ്റിയൂട്ട് പോലെയെങ്കിലും അതിനെ വളർത്താൻ നമുക്ക് ആകില്ലേ, അത്തരത്തിൽ ഒരു ശ്രമം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതായിരുന്നു ഷിബു ചക്രവർത്തി പറഞ്ഞത്. എന്നാൽ ഇതിനെതിരെ രോഷാകുലനായി സംസാരിച്ച മുഖ്യമന്ത്രി, ഒരു അഭിപ്രായം പറയാൻ സ്വാതന്ത്രം തന്നാൽ നിങ്ങൾക്ക് തോന്നിയ അഭിപ്രായം പറയേണ്ടതില്ല എന്ന രീതിയിലാണ് സംസാരിച്ചത്.
കെ ആർ നാരായണൻ ഇൻസ്റ്റിറ്റിയൂട്ടിന് ചില പോരായ്മകൾ ഉണ്ടെങ്കിലും, ആക്ഷേപിക്കേണ്ട കാര്യമില്ലെന്നും, മികച്ച കരങ്ങളിലാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖാമുഖം പരിപാടിയില്‍ മാദ്ധ്യമപ്രവർത്തകർക്ക് വിലക്കും ഏർപ്പെടുത്തിയിരുന്നു . ലുലു കണ്‍വെന്‍ഷന്‍ സെന്ററിലാണ് മുഖ്യമന്ത്രിയും കലാ സാംസ്‌കാരിക പ്രവര്‍ത്തകരും തമ്മിലുള്ള മുഖാമുഖം നടന്നത് . ഉദ്ഘാടനത്തിന് ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് പുറത്തുപോകണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.
Discussion about this post