ന്യൂഡൽഹി: കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് അടുത്തിടെ ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് എംഎൽഎ എസ് വിജയധരണി. കോൺഗ്രസിൽ സ്ത്രീകൾക്ക് സ്ഥാനമില്ലെന്ന് വിജയധരണി കുറ്റപ്പെടുത്തി. കഴിഞ്ഞ പതിനാല് വർഷമായി കോൺഗ്രസിന് താനല്ലാതെ മറ്റൊരു വനിത എംഎൽഎ ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
‘കോൺഗ്രസ് പാർട്ടിയിൽ സ്ത്രീകൾക്ക് സ്ഥാനമില്ല. കഴിഞ്ഞ പതിനാല് വർഷമായി ഞാനല്ലാതെ മറ്റൊരു വനിത എംഎൽഎ കോൺഗ്രസിൽ ഉണ്ടായിട്ടില്ല. നിർഭാഗ്യകരമെന്ന് പറയട്ടെ, എന്നെപ്പോലും അവിടെ പിടിച്ചു നിർത്താൻ അവർക്ക് കഴിഞ്ഞില്ല’- വിജയധരണി പറഞ്ഞു.
ഒന്നും തിരികെ ആ്രഗഹിക്കാതെയാണ് പാർട്ടിക്ക് വേണ്ടി താൻ പ്രവർത്തിച്ചത്. നേതൃസ്ഥാനങ്ങൾ സ്ത്രീകൾക്ക് നൽകരുതെന്ന് ചിന്തിക്കുന്നത് ഒരു ജീർണിച്ച വിശ്വാസമാണ്. എംഎൽഎ സ്ഥാനത്ത് മാത്രമായി സ്ത്രീകൾ ഒതുങ്ങുന്നത് എന്തുകൊണ്ടാണ്?. ഏഴ് വർഷക്കാലം അത്തരത്തിൽ അംഗീകാരം ലഭിക്കാതെ പാർട്ടിയിൽ നിൽക്കേണ്ടി വന്നുവെന്നും അവർ പറഞ്ഞു.
ബിജെപിയിലെ സ്ത്രീ സാന്നിദ്ധ്യത്തെ കുറിച്ചും അവർ കൂട്ടിച്ചേർത്തു. സ്ത്രീകളുടെ നേതൃത്വ ഗുണങ്ങൾ എങ്ങനെയാണെന്ന് ബിജെപിയ്ക്ക് അറിയാം. അതാണ് ബിജെപിയിൽ ചേരാൻ എന്നെ പ്രചോദിപ്പിച്ചത്. സ്ത്രീകൾക്കായുള്ള സംവരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമം കൊണ്ടുവന്നു കഴിഞ്ഞു. വൈകാതെ തന്നെ അത് നിലവിൽ വരും. അദ്ദേഹം മുത്വലാഖിനെ രാജ്യത്ത് നിന്നും തുടച്ചു നീക്കി. മുസ്ലീം സ്ത്രീകൾക്ക് അദ്ദേഹം തുല്യത നേടിക്കൊടുത്തു. അവർ ബിജെപിക്ക് മാത്രമേ വോട്ട് ചെയ്യൂ. അവരുടെ മനസ് നിങ്ങൾക്ക് മാറ്റാൻ സാധിക്കില്ലെന്നും വിജയധരണി കൂട്ടിച്ചേർത്തു.
Discussion about this post