ന്യൂഡൽഹി : ബിജെപിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പങ്കുവച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിൽ മാപ്പ് അപേക്ഷിച്ച് ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ബിജെപി ഐടി സെല്ലുമായി ബന്ധപ്പെട്ട് യൂട്യൂബർ ധ്രുവ് രതിയുടെ അപകീർത്തികരമായ വീഡിയോ റീട്വീറ്റ് ചെയ്തതിലൂടെ തനിക്ക് തെറ്റ് പറ്റിയെന്ന് അരവിന്ദ് കെജ്രിവാൾ സുപ്രീം കോടതിയെ അറിയിച്ചു.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ചിന് മുൻപിൽ ആണ് കെജ്രിവാൾ ക്ഷമാപണം നടത്തിയത്. കെജ്‌രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി ഹാജരായി. ക്രിമിനൽ മാനനഷ്ടക്കേസിലെ പ്രതിയെന്ന നിലയിൽ തനിക്ക് സമൻസ് അയച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ ആയിരുന്നു കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
കെജ്രിവാളിന്റെ ക്ഷമാപണം കണക്കിലെടുത്ത് വിഷയം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് അറിയിക്കണമെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് പരാതിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെജ്രിവാളിനെതിരായ മാനനഷ്ടക്കേസ് മാർച്ച് 11 വരെ പരിഗണിക്കരുതെന്നും സുപ്രീം കോടതി വിചാരണ കോടതിയോട് ആവശ്യപ്പെട്ടു.
Discussion about this post