തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് എത്തും. നാളെ 10.45 ഓടെ തലസ്ഥാനത്ത് എത്തുന്ന അദ്ദേഹം വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്റർ (വി.എസ്.എസ്.സി) സിന്ദർശിക്കും. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായ നാല് ബഹരാകാശ സഞ്ചാരികളുടെ പേരുകൾ വി.എസ്.എസ്.സിയിൽ വച്ച് അദ്ദേഹം പ്രഖ്യാപിക്കും.
ഇവിടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വി.എസ്.എസ്.സിയിലെ പുതിയ ട്രൈസോണിക് വിൻഡ് ടണൽ, മഹേന്ദ്രഗിരി പ്രൊപ്പൽഷൻ കോംപ്ലക്‌സിലെ സെമി ക്രയോജനിക് എൻജിനും പരീക്ഷണ സംവിധാനവും, ശ്രീഹരിക്കോട്ടയിലെ പുതിയ പിഎസ്എൽവി ഇന്റഗ്രേഷൻ ഫെസിലിറ്റി എന്നിവയാണ് നാളെ ഉദ്ഘാടനം ചെയ്യുക.
പതിനൊന്നരയോടെ തലസ്ഥാനത്ത് നടക്കുന്ന ബിജെപി സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ കേരള പദയാത്രയുടെ സമാപന സമ്മേളനത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ അര ലക്ഷത്തോളം പേർ എത്തുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.
വൈകുന്നേരത്തോടെ തമിഴ്‌നാട്ടിലെ മധുരയിലെത്തുന്ന പ്രധാനമന്ത്രി ബുധനാഴ്ച്ച തൂത്തുക്കുടിയിൽ 17300 കോടിയുടെ വിവിധ വികസന പദ്ധതികൾ നാടിന് സമർപ്പിക്കും. ബുധനാഴ്ച്ച 4.30 ഓടെ മഹാരാഷ്ട്രയിലെത്തുന്ന അദ്ദേഹം 4900 കോടിയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും.












