എറണാകുളം: ദീർഘകാലം തടവ് അനുഭവിച്ചിട്ടിട്ടും ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിൽ പ്രതിയായ സി.കെ രാമചന്ദ്രന് കുറ്റബോധം ഇല്ലെന്ന് ജയിൽ അധികൃതർ. ഹൈക്കോടതി മുൻപാകെ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം ഉള്ളത്. അതേസമയം ടിപി കേസിൽ പ്രതികളുടെ ശിക്ഷ ഉയർത്തുന്ന ഹർജിയിൽ വാദം പുരോഗമിക്കുകയാണ്.
കേസിലെ എട്ടാം പ്രതിയും മുൻ സിപിഎം നേതാവുമാണ് രാമചന്ദ്രൻ. തനിക്ക് കൃത്യത്തിൽ പങ്കില്ലെന്നും കൊല നടക്കുമ്പോൾ വീട്ടിലായിരുന്നുവെന്നുമാണ് ഇയാൾ ആവർത്തിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. വർഷങ്ങളോളം കൊല ചെയ്തിട്ടും ഇയാൾക്ക് യാതൊരു കുറ്റബോധവും ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാഴിക്കോട് ജില്ലാ പ്രൊബേഷൻ ഓഫീസറാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്.
നേരത്തെ ഹർജി പരിഗണിച്ച കോടതി പ്രതികളുടെ ശാരീരിക മാനസിക നില പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു പ്രൊബേഷൻ ഓഫീസർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇത് ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. നിലവിൽ കാക്കനാട് സബ് ജയിലിലാണ് പ്രതികളെ പാർപ്പിച്ചിട്ടുള്ളത്. ഇവരെ വാദം കേൾക്കാൻ കോടതിയിൽ എത്തിച്ചിട്ടുണ്ട്.
ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ 2014ലാണ് 12 പ്രതികളെ വിചാരണ കോടതി ശിക്ഷിച്ചത്. ഇതിൽ ഒരാൾക്കൊഴികെ മറ്റ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയായിരുന്നു വിചാരണ കോടതി നൽകിയിരുന്നത്.
Leave a Comment