ന്യൂഡൽഹി: പൊതു സ്ഥലം ഒഴിഞ്ഞു കിടക്കുന്നുണ്ട് എന്നത് കൊണ്ട് അവിടെ കയ്യേറി പള്ളി പണിയാൻ ആർക്കും അധികാരമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. അത്തരം കൈയേറ്റങ്ങൾ ഉടനടി നീക്കം ചെയ്യേണ്ട ബാധ്യത ഇന്ത്യയിലുടനീളമുള്ള അധികാര സ്ഥാപനങ്ങൾക്കുണ്ട് എന്ന് സംസ്ഥാനങ്ങളെ സുപ്രീം കോടതി ഓർമ്മിപ്പിച്ചു.
തമിഴ്‌നാട്ടിൽ പൊതുഭൂമിയിൽ അനധികൃതമായി നിർമിച്ച മുസ്‌ലിം പള്ളി നീക്കം ചെയ്യാൻ ഉത്തരവിട്ടുകൊണ്ടാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് മുൻകാലങ്ങളിലെ സുപ്രീം കോടതി ഉത്തരവുകൾ സംസ്ഥാനത്തെ ഓർമ്മപ്പിച്ചത്. ക്ഷേത്രം, പള്ളി, മസ്ജിദ് അല്ലെങ്കിൽ ഗുരുദ്വാര എന്നിവയുടെ പേരിൽ പൊതു നിരത്തുകളിലോ മറ്റ് പൊതു സ്ഥലങ്ങളിലോ അനധികൃത നിർമ്മാണങ്ങൾ അനുവദനീയമല്ല, രാജ്യത്തെ പരമോന്നത നീതിപീഠം പറഞ്ഞു.
ചെന്നൈയിലെ പൊതുഭൂമിയിൽ നിന്ന് പള്ളി മാറ്റി സ്ഥാപിക്കാൻ മത സംഘത്തോട് നിർദ്ദേശിച്ച 2023 നവംബറിലെ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ ഒരു മുസ്ലീം മതസംഘടന നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി ബെഞ്ച്.
ഹിദായ മുസ്ലീം വെൽഫെയർ ട്രസ്റ്റിനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ എസ് നാഗമുത്തു എന്നാൽ മുസ്ലീം പള്ളി കാരണം പൊതുജനങ്ങൾക്ക് തടസ്സമില്ലെന്ന് വാദിച്ചു. വളരെക്കാലമായി ഭൂമി ഒഴിഞ്ഞുകിടക്കുകയായിരുന്നു എന്നും അതിനാൽ ഒരു പൊതു ആവശ്യത്തിനും സർക്കാരിന് ഭൂമി ആവശ്യമില്ലെന്നും നാഗമുത്തു വാദിച്ചു.
എന്നാൽ ഈ വാദത്തെ അതിരൂക്ഷമായി വിമർശിച്ച സുപ്രീം കോടതി. ഇത് ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്ന് പറഞ്ഞു ” നിങ്ങൾ ഭൂമി കയ്യേറുമെന്നാണോ അതിനർത്ഥം? ഭൂമി സർക്കാരിൻ്റേതായിരുന്നു, അവർ അത് ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യാം. ഉപയോഗിക്കുന്നില്ല എന്നതിനർത്ഥം ആ സ്ഥലത്ത് അതിക്രമിച്ചു കയറാൻ നിങ്ങൾക്ക് അവകാശമുണ്ട് എന്നല്ല” സുപ്രീം കോടതി പറഞ്ഞു
Discussion about this post