അതിന് ഇന്ത്യ ചൈനയെ ഇതുവരെ ശത്രു ആയി പ്രഖ്യാപിച്ചിട്ടില്ലല്ലോ; ഡി എം കെ പരസ്യത്തിൽ ചൈനീസ് റോക്കറ്റ് വന്നതിനെ ന്യായീകരിച്ച് കനിമൊഴി
ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ പത്രപരസ്യത്തിൽ ചൈനീസ് റോക്കറ്റ് പ്രദർശിപ്പിച്ച സംഭവത്തിൽ വിമർശനമുന്നയിച്ച പ്രധാനമന്തി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ രംഗത്ത് വന്ന് ഡി എം കെ നേതാവ് കനി മൊഴി. എന്റെ അറിവിൽ ചൈനയെ ഇതുവരെ ഇന്ത്യ ശത്രുരാജ്യമായി പ്രഖ്യാപിച്ചിട്ടില്ലെന്നും അതിനാൽ ചൈനീസ് റോക്കറ്റ് പരസ്യത്തിൽ കൊടുത്തതിൽ തെറ്റില്ല എന്ന വാദവുമായാണ് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മകളും ഡി എം കെ നേതാവുമായ കനിമൊഴി രംഗത്ത് വന്നത്.
“ഇന്ത്യ ചൈനയെ ശത്രുരാജ്യമായി പ്രഖ്യാപിച്ചതായി ഞാൻ കരുതുന്നില്ല, പ്രധാനമന്ത്രി ചൈനീസ് പ്രധാനമന്ത്രിയെ ക്ഷണിച്ചതും അവർ മഹാബലിപുരത്തേക്ക് പോയതും നമ്മൾ കണ്ടതാണ് . നിങ്ങൾ സത്യം അംഗീകരിക്കാൻ ആഗ്രഹിക്കാത്തതിനാൽ, കാര്യങ്ങളെ വഴിതിരിച്ചുവിടാനുള്ള കാരണങ്ങൾ കണ്ടെത്തുന്നതാണ് പ്രശ്നം,” ഡിഎംകെ നേതാവ് പറഞ്ഞു
ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് ഇന്ത്യ സന്ദർശിച്ചത് 2019 ഒക്ടോബർ കാലഘട്ടത്തിലാണെന്നും അതിനു ശേഷം 2020 -21 കാലഘട്ടത്തിലാണ് ഇന്ത്യയും ചൈനയും തമ്മിൽ ഗാൽവാൻ വാലിയിൽ വച്ച് സംഘർഷം ഉണ്ടാവുകയും ചെയ്തത് എന്ന് കനിമൊഴിക്ക് അറിവില്ലെങ്കിൽ തുടർച്ചയായ 4 വർഷക്കാലം അവർ ഒന്നുകിൽ പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതിരിക്കുകയോ കൂടാതെ സമൂഹ മാദ്ധ്യമങ്ങൾ ഉൾപ്പെടെ ഒരു മാദ്ധ്യമങ്ങളും കാണാതിരിക്കുകയോ ചെയ്യണം. ഇനി അതല്ലെങ്കിൽ ഗുരുതരമായ ഏതെങ്കിലും മറവി രോഗം വന്നാലും ഇങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ട്. അതല്ലാതെ സ്ഥിര ബുദ്ധിയുള്ള ആരും ഇങ്ങനെ ഒരു വാദം പറയുമെന്ന് ചിന്തിക്കാൻ ബുദ്ധിമുട്ടാണ്.
ഗാൽ വാൻ വാലിയിൽ നേരിട്ട് സംഘർഷം ഉണ്ടാവുകയും, അയൽ രാജ്യമായ പാകിസ്താന് ആയുധമടക്കം കൊടുക്കുകയും ചെയ്യുന്ന ചൈന ശത്രു രാജ്യം അല്ല എന്നാണ് കനിമൊഴിയുടെ വാദമെങ്കിലും, പത്രത്തിൽ പരസ്യം വന്നതിൽ അത് ചെയ്ത ആർട്ടിസ്റ്റിനെ വിമർശിക്കാനും കനിമൊഴി മറന്നില്ല. ഇതിന്റെ ആർട്ട് വർക്ക് നടത്തിയയാൾ ഈ ചിത്രം എവിടെ നിന്നാണ് കണ്ടെത്തിയതെന്ന് എനിക്കറിയില്ല, എന്നാണ് ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കനിമൊഴി പറഞ്ഞത്.
ഇന്ത്യയുടെ നേട്ടങ്ങളിൽ അഭിമാനിക്കാതെ ചൈനയെ ആണ് പൊക്കിപ്പിടിച്ചു നടക്കുന്നത് എന്ന പ്രധാനമന്ത്രിയുടെ വിമർശനത്തെ ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ എന്തായാലും ഡി എം കെ നേതാവിന്റെ പ്രതികരണം വന്നിരിക്കുന്നത്
Discussion about this post