റാഞ്ചി : ജാർഖണ്ഡിൽ ട്രെയിൻ തട്ടി 12ലേറെ പേർ മരിച്ചതായി റിപ്പോർട്ട്. സഞ്ചരിച്ചിരുന്ന ട്രെയിൻ നിർത്തിയപ്പോൾ തൊട്ടടുത്ത പാളത്തിലേക്ക് ചാടി ഇറങ്ങിയ യാത്രക്കാരാണ് ട്രെയിൻ തട്ടി മരിച്ചത്. ജംതാരയിലെ കലജാരിയ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്.
ഭഗൽപൂർ-ബാംഗ്ലൂർ എക്സ്പ്രസിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരായിരുന്നു അപകടത്തിൽപ്പെട്ടത്. കനത്ത പൊടിക്കാറ്റിനെ തുടർന്ന് കാഴ്ച മറഞ്ഞതോടെ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുകയായിരുന്നു. ഇതോടെ ട്രെയിനിന് തീപിടിച്ചതാണ് ട്രെയിൻ നിർത്താൻ കാരണമെന്ന് വ്യാജ പ്രചരണം ഉണ്ടായി. ഇതിനെ തുടർന്നാണ് ഈ ട്രെയിനിൽ സഞ്ചരിച്ചിരുന്ന നിരവധി യാത്രക്കാർ തൊട്ടടുത്ത പാളത്തിലേക്ക് ചാടിയിറങ്ങിയത്.
യാത്രക്കാർ പാളത്തിലേക്ക് ഇറങ്ങിയ അതേസമയം എതിർവശത്തുനിന്നും വന്ന ട്രെയിൻ ആണ് ഇവരെ ഇടിച്ചുതെറിപ്പിച്ചത്. തുടർന്ന് സി ആർ പി എഫ്, പോലീസ്, അഗ്നിരക്ഷാസേന എന്നിവരെല്ലാം രക്ഷാപ്രവർത്തനത്തിനായി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മരിച്ചവരുടെ കൃത്യമായ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Discussion about this post