എറണാകുളം: പി ജയരാജനെ ആക്രമിച്ച കേസിൽ എട്ട് പ്രതികളെ കുറ്റവിമുക്തരാക്കി ഹൈക്കോടതി. രണ്ടാം പ്രതി പ്രശാന്ത് ഒഴികെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്. ഇവർക്കെതിരെ ചുമത്തിയിട്ടുള്ള വധശ്രമം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികളും സർക്കാരും സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി പറഞ്ഞത്.
കടിച്ചേരി അജി, മനോജ്, പാറ ശശി, എളംതോട്ടത്തിൽ മനോജ്, കുനിയിൽ സനൂബ്, ജയപ്രകാശൻ, കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനൻ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. പ്രശാന്തിനെതിരെ വിചാരണ കോടതി ചുമത്തിയ ചില കുറ്റങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
1999 ഓഗസ്റ്റ് 25ന് തിരുവോണ ദിവസം ജയരാജനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു ഇവർക്കെതിരെയുള്ള ആരോപണം. വിചാരണ കോടതി ആറ് പേരെ നേരത്തെ ശിക്ഷിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് വിധി.












