ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറിയ 13-കാരൻ മുഹമ്മദ് സിയാന്റെ ‘കുട്ടി സഖാവ്’ എന്ന പേജ് പൂട്ടിച്ച് കമ്പനിയായ മെറ്റ രംഗത്തെത്തിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള എപി സമസ്ത. സിയാന്റെ അക്കൗണ്ട് മെറ്റ നീക്കം ചെയ്തത് ശരിയായ തീരുമാനമാണെന്നും കുട്ടിയെ നവമാധ്യമങ്ങളിൽ വിൽക്കാൻ വെച്ചത് മാതാപിതാക്കളാണെങ്കിൽ അത് തിരുത്തപ്പെടണമെന്നും സമസ്ത അഭിപ്രായപ്പെട്ടു. സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ്എസ്എഫിന്റെ ഔദ്യോഗിക മുഖപത്രമായ ‘രിസാല’യിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ കടുത്ത വിമർശനം.
‘അരുത്, മുഹമ്മദ് സിയാനെ വിൽക്കരുത്’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ ഇടത് നേതാക്കൾക്കെതിരെയും കടുത്ത വിമർശനമുണ്ട് Asianet News Online. സിയാനെ ആഘോഷമാക്കിയ എഴുത്തുകാരൻ അശോകൻ ചരുവിൽ മുതൽ വി.ഡി. സതീശനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉൾപ്പെടെയുള്ളവർ ‘ഷെയറന്റിംഗ്’ (Sharenting) എന്ന വാക്ക് എഴുതി പഠിക്കണമെന്ന് ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു. 13 വയസ്സുള്ള ഒരു കുട്ടിയുടെ വാചകങ്ങളിൽ നിറയുന്നത് അകാല മുതിർച്ചയാണെന്നും, കൃത്യമായ ശിക്ഷണത്തിലൂടെ സിയാൻ ഒരു കുട്ടിയായി തന്നെ വളരേണ്ടതുണ്ടെന്നും സമസ്ത ഓർമ്മിപ്പിച്ചു. ചെങ്കൊടിയും അത് പേറുന്ന രാഷ്ട്രീയവും 13-കാരൻ കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്ന് ലേഖനം വ്യക്തമാക്കുന്നു.
മുതിർന്നവർക്ക് ആർത്തു ചിരിക്കാനും രാഷ്ട്രീയത്തിലേക്ക് ആളെക്കൂട്ടാനും വേണ്ടി കുഞ്ഞുനാവിൽ നിന്ന് വലിയ വാക്കുകൾ പുറന്തള്ളാൻ നിർബന്ധിക്കരുത് .സ്വന്തം രാഷ്ട്രീയ ലാഭങ്ങൾക്കായി ഈ കുട്ടിയെ ഉപയോഗിക്കുകയാണെന്ന് കുട്ടിക്ക് മനസ്സിലാകുന്നില്ലെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. ‘കുട്ടി സഖാക്കളെ’ പരിചയപ്പെടുത്തി സിയാൻ പങ്കുവെച്ച വീഡിയോ 24 മണിക്കൂറിനുള്ളിൽ 20 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. പിന്നാലെ ഇയാളെ ഫോണിൽ വിളിച്ച് സംസാരിക്കുകയും സി.പി.ഐ.എം നേതാവ് പി. ജയരാജൻ വീട്ടിലെത്തി അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാൽ വീഡിയോയ്ക്ക് പിന്നാലെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ ബ്ലോക്ക് ചെയ്യുകയായിരുന്നു. സംഭവത്തിൽ സിയാനും കുടുംബവും മെറ്റയ്ക്ക് അപ്പീൽ നൽകിയിട്ടുമുണ്ട്












