ഷിംല : ഹിമാചൽപ്രദേശിൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്ത 6 എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി. ഹിമാചൽ പ്രദേശ് നിയമസഭാ സ്പീക്കർ കുൽദീപ് സിംഗ് പതാനിയ ആണ് എംഎൽഎമാർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ ഖണ്ഡിക 2, ക്ലോസ് 1, സബ്-ക്ലോസ് എ പ്രകാരമാണ് ക്രോസ് വോട്ട് ചെയ്ത എംഎൽഎമാർ അയോഗ്യരാക്കപ്പെട്ടിരിക്കുന്നതെന്ന് സ്പീക്കർ വ്യക്തമാക്കി. ഈ ആറ് എംഎൽഎമാരെ ഒഴിവാക്കിയുള്ള നിയമസഭ ഉടൻ പ്രാബല്യത്തിൽ വരുമെന്നും സ്പീക്കർ അറിയിച്ചു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് എംഎൽഎമാരെ സഭയിൽ നിന്ന് അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെൻ്ററി കാര്യ മന്ത്രി ഹർഷവർധൻ ചൗഹാൻ നൽകിയ നിവേദനത്തെ തുടർന്നാണ് സ്പീക്കറുടെ നടപടി. 68 അംഗങ്ങളുള്ള ഹിമാചൽപ്രദേശ് നിയമസഭയിൽ 40 അംഗങ്ങൾ ആയിരുന്നു കോൺഗ്രസിന് ഉണ്ടായിരുന്നത്.
Discussion about this post