ന്യൂഡൽഹി : രാജ്യത്തെ ഒരുകോടി കുടുംബങ്ങളിൽ പുരപ്പുറ സോളാർ പദ്ധതി നടപ്പിലാക്കുന്ന കേന്ദ്രസർക്കാർ പദ്ധതിക്ക് പിന്തുണയുമായി ബാങ്കുകളും. പ്രധാനമന്ത്രി സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന പദ്ധതി വഴി വീടുകളിൽ സോളാർ റൂഫ് ടോപ്പ് സിസ്റ്റം സ്ഥാപിക്കാനായി സർക്കാർ നൽകുന്ന സബ്സിഡി തുകയ്ക്ക് പുറമേ ബാങ്ക് ലോണുകളും ലഭ്യമാണ്. പി എം സൂര്യ ഘർ പദ്ധതിക്കായി 10 ലക്ഷം രൂപ വരെയാണ് വിവിധ ബാങ്കുകൾ ലോൺ നൽകുന്നത്.
75,021 കോടി രൂപ ചിലവിലാണ് കേന്ദ്രസർക്കാർ പ്രധാനമന്ത്രി സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന തയ്യാറാക്കിയിരിക്കുന്നത്. കുടുംബങ്ങൾക്ക് വൈദ്യുതി ബില്ലിൽ വലിയ ലാഭം നൽകുമെന്ന് മാത്രമല്ല 17 ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകുന്നത് കൂടിയാണ് ഈ പദ്ധതി. പുരപ്പുറ സോളാർ പദ്ധതിയുടെ ഭാഗമായി സോളാർ പാനൽ സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ സബ്സിഡിക്ക് പുറമെയാണ് ഇളവുകളോടെ ലോണും ലഭ്യമാകുന്നത് . ഇന്ത്യയിലെ 18 പൊതുമേഖലാ-സ്വകാര്യ ബാങ്കുകൾ ഈ പദ്ധതിക്കായി കുറഞ്ഞ നിരക്കിൽ ലോൺ നൽകുന്നുണ്ട്.
എസ്ബിഐ, കാനറ ബാങ്ക്,യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്,
ഐഡിബിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകൾ പ്രധാനമന്ത്രി സൂര്യ ഘർ പദ്ധതിക്കായി ലോൺ നൽകുന്നുണ്ട്. ഈടില്ലാതെയാണ് ലോണുകൾ നൽകുന്നത്. ലോണിനായി പദ്ധതിക്ക് അപേക്ഷിക്കുന്ന പോർട്ടലിലൂടെ തന്നെ അപേക്ഷിക്കാവുന്നതാണ്.
നിലവിലുള്ള സൗരോർജ്ജ സംവിധാനം സ്ഥാപിക്കുന്നതിനുള്ള ചിലവ് അനുസരിച്ച് ഒരു കിലോവാട്ടിന് മുപ്പതിനായിരം രൂപയും രണ്ട് കിലോവാട്ടിന് 60,000 രൂപയും 3
കിലോവാട്ടിന് 78000 രൂപയും ആയിരിക്കും കേന്ദ്ര സർക്കാരിൽ നിന്നും സബ്സിഡി ലഭിക്കുക. സബ്സിഡിയായി ലഭിക്കുന്ന ഈ തുക കൂടാതെ പരമാവധി 10 ലക്ഷം രൂപ വരെയാണ് ബാങ്കുകളിൽ നിന്നും ലോൺ ലഭിക്കുക. അഞ്ചു വർഷ കാലാവധിയിലാണ് ബാങ്കുകൾ പ്രധാനമന്ത്രി സൂര്യ ഘർ പദ്ധതിക്കായി ലോൺ നൽകുന്നത്.
Discussion about this post