ഭാരതത്തിന്റെ പ്രതിരോധ മേഖലയിൽ ചരിത്രം കുറിച്ചുകൊണ്ട് സ്വകാര്യ മേഖലയിൽ നിന്നുള്ള അത്യാധുനിക ഡ്രോൺ ‘ശേഷ്‌നാഗ് 150’ പുറത്തിറക്കി. റിയാദിൽ നടന്ന വേൾഡ് ഡിഫൻസ് ഷോ 2026-ൽ (World Defence Show 2026) വെച്ചാണ് ന്യൂസ്പേസ് റിസർച്ച് ആൻഡ് ടെക്നോളജീസ് (NewSpace Research and Technologies) വികസിപ്പിച്ച ഈ ലോയിറ്ററിംഗ് മ്യുണിഷൻ (Loitering Munition) ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചത്. 1000 കിലോമീറ്ററിൽ അധികം ദൂരത്തുള്ള ശത്രുലക്ഷ്യങ്ങളെ കൃത്യതയോടെ തകർക്കാൻ ശേഷിയുള്ള ശേഷ്‌നാഗ് 150, ഭാരതത്തിന്റെ പ്രതിരോധ കരുത്തിന് പുതിയൊരു മുഖം നൽകുകയാണ്. സാധാരണ മിസൈലുകളേക്കാൾ ചിലവ് കുറഞ്ഞതും എന്നാൽ അതേ കൃത്യതയോടെ പ്രവർത്തിക്കുന്നതുമായ ഈ ഡ്രോൺ, വരുംകാല യുദ്ധതന്ത്രങ്ങളിൽ ഇന്ത്യയ്ക്ക് വലിയ മുൻതൂക്കം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വെറും ഒരു ഡ്രോൺ എന്നതിലുപരി ഒരു ‘കൊളാബറേറ്റീവ് അറ്റാക്ക് എക്കോസിസ്റ്റം’ ആയിട്ടാണ് ശേഷ്‌നാഗ് 150 രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതായത്, ഒരു കൂട്ടം ഡ്രോണുകൾ (Swarm) ഒരേസമയം ശത്രുപാളയത്തിലേക്ക് ഇരച്ചുകയറുകയും വിവിധ ലക്ഷ്യങ്ങൾ ഒരേസമയം തകർക്കുകയും ചെയ്യും. ഇതിൽ ചില ഡ്രോണുകൾ ശത്രുവിന്റെ റഡാറുകളെ വഴിതിരിച്ചുവിടാൻ സഹായിക്കുമ്പോൾ മറ്റ് ചിലവ കൃത്യമായ വിവരങ്ങൾ ശേഖരിക്കുകയും ബാക്കിയുള്ളവ സ്ഫോടനങ്ങൾ നടത്തുകയും ചെയ്യും. 25 മുതൽ 40 കിലോ വരെ ഭാരമുള്ള യുദ്ധശേഖരം വഹിക്കാൻ ശേഷിയുള്ള ഈ ഡ്രോണിന് ഏകദേശം അഞ്ച് മണിക്കൂർ തുടർച്ചയായി പറക്കാൻ സാധിക്കും. ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ അപ്രസക്തമാക്കാൻ ശേഷിയുള്ള ‘നെറ്റ്‌വർക്ക് അറ്റാക്ക്’ രീതിയാണ് ഇതിന്റെ പ്രധാന പ്രത്യേകത.
തന്ത്രപരമായ പ്രാധാന്യമുള്ള കമാൻഡ് സെന്ററുകൾ, എയർഫീൽഡുകൾ, ആയുധപ്പുരകൾ എന്നിവ മിസൈലുകൾ ഉപയോഗിക്കാതെ തന്നെ തകർക്കാൻ ശേഷ്‌നാഗ് 150 സഹായിക്കും. അഞ്ച് മീറ്ററിൽ താഴെ മാത്രം കൃത്യതയോടെ (CEP) ലക്ഷ്യം കാണാൻ ഇതിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ച ഈ സാങ്കേതികവിദ്യ, ലോകത്തിലെ തന്നെ കരുത്തരായ ഇസ്രായേലി ഹാരോപ്പ് (Harop) ഡ്രോണുകൾക്ക് വെല്ലുവിളിയാകുമെന്നാണ് സൂചന. വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ശേഷ്‌നാഗ് 150-ൽ വലിയ താല്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു.









Discussion about this post