ടി20 ലോകകപ്പിൽ പാകിസ്ഥാന്റെ വിചിത്ര ബൗളിംഗ് ശൈലിയുള്ള സ്പിന്നർ ഉസ്മാൻ താരിക്കിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. താരിക്കിന്റെ ബൗളിംഗ് ആക്ഷനിൽ സംശയമുണ്ടെന്നും ഫുൾ സ്ലീവ് ജേഴ്‌സി ധരിച്ച് പന്തെറിയാൻ അനുവദിക്കരുതെന്നും ഇർഫാൻ പഠാൻ ആവശ്യപ്പെട്ടു.
ഇന്ന് കൊളംബോയിൽ നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മുന്നോടിയായി തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇർഫാൻ പഠാൻ നിലപാട് വ്യക്തമാക്കിയത്. താരിക്കിന്റെ കൈമുട്ട് നിയമപരമായ 15 ഡിഗ്രിയിൽ കൂടുതൽ വളയുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സാധാരണ പന്തുകൾ എറിയുമ്പോൾ താരിക്കിന്റെ ആക്ഷനിൽ പ്രശ്നമില്ലെന്ന് തോന്നാമെങ്കിലും, വേഗത കൂട്ടി എറിയുന്ന പന്തുകളിൽ കൈമുട്ട് അമിതമായി വളയാൻ സാധ്യതയുണ്ടെന്ന് ഇർഫാൻ നിരീക്ഷിക്കുന്നു. “ആ നിശ്ചലമായി നിൽക്കുന്ന പോസിന് ശേഷം വേഗത്തിൽ പന്തെറിയുമ്പോൾ അദ്ദേഹത്തിന്റെ കൈ ശ്രദ്ധിക്കണം. അവിടെയാണ് സംശയം,” അദ്ദേഹം കൂട്ടിച്ചേർത്തു.
താരിക്കിനെപ്പോലെ സൈഡ് ആം ആക്ഷനിൽ പന്തെറിയുന്നവരെ നേരിടാൻ ഇർഫാൻ ഒരു കൗതുകകരമായ നിർദ്ദേശം കൂടി മുന്നോട്ടുവെച്ചു. അമ്പയർമാർ അല്പം കുനിഞ്ഞു നിൽക്കുകയും കറുത്ത തൊപ്പി ധരിക്കുകയും ചെയ്താൽ ബൗളറുടെ കൈ വരുന്നത് സൈറ്റ് സ്ക്രീനിന് മുന്നിലാകുമെന്നും ഇത് ബാറ്റ്‌സ്മാൻമാർക്ക് പന്ത് കാണാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.












