കണ്ണൂർ : സിപിഐഎം നേതാവ് പി ജയരാജനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതികളെ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വെറുതെ വിട്ടത്. പ്രതികൾക്കെതിരെ തെളിവുകൾ ഇല്ലെന്ന് വിധി പ്രസ്താവത്തിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ ഹൈക്കോടതിയുടെ ഈ വിധിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പി ജയരാജൻ.
ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റിലൂടെ ആണ് പി ജയരാജൻ ഹൈക്കോടതി വിധിക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്. തനിക്ക് നീതി ലഭിച്ചില്ലെന്ന് ജയരാജൻ വ്യക്തമാക്കി. ജുഡീഷ്യറിയിലെ പുഴുക്കുത്തുകൾക്കെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും പി ജയരാജൻ അഭിപ്രായപ്പെട്ടു. കേസിന്റെ കാര്യത്തിൽ കോടതി നീതീകരിക്കാനാവാത്ത ധൃതി കാണിച്ചെന്നും ജയരാജൻ സൂചിപ്പിച്ചു.
ജുഡീഷ്യറിയുടെ പലതലങ്ങളിലും ആർഎസ്എസിന്റെ ഇടപെടലുകൾ സാർവത്രികമായി ചർച്ച ചെയ്യപ്പെടുന്നതാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പി ജയരാജൻ കുറ്റപ്പെടുത്തുന്നു. തനിക്കെതിരായ വധശ്രമ കേസിലും ഒരു ആർഎസ്എസ് പ്രമുഖൻ കൂടി കൂട്ടത്തിൽ ഉണ്ടായിരുന്നത് ശ്രദ്ധേയമാണെന്നും ജയരാജൻ സൂചിപ്പിച്ചു. അക്രമത്തിന്റെ ഇര എന്ന നിലയിൽ എനിക്ക് നീതി ലഭിച്ചില്ല. വധശ്രമത്തിന് ഇരയായിട്ടുള്ള ആളെന്ന നിലയിൽ നീതി നിഷേധമാണ് ഇവിടെ സംഭവിച്ചത് എന്നും പി ജയരാജൻ അഭിപ്രായപ്പെട്ടു.
Discussion about this post