ന്യൂഡൽഹി : ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ദുരുപയോഗത്തിനെതിരെ കേന്ദ്രസർക്കാർ രംഗത്ത്. രാജ്യത്ത് ഏതെങ്കിലും AI മോഡൽ അവതരിപ്പിക്കുന്നതിന് മുമ്പ് സർക്കാരിൻ്റെ അനുമതി വാങ്ങണമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. സമൂഹമാദ്ധ്യമങ്ങൾ വഴിയും മറ്റ് ഓൺലൈൻ മേഖലകളിലൂടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ ഈ നടപടി.
പുതിയ ഐടി ചട്ടങ്ങൾ 2021 പ്രകാരമുള്ള മാനദണ്ഡങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടികളിലും ഉപയോഗിക്കേണ്ടതാണെന്ന് സർക്കാർ നിർദ്ദേശം നൽകി. ഗൂഗിൾ ജെമിനി AI വിവാദത്തിൻ്റെ പശ്ചാത്തലത്തിലാണ് എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളോടും കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കാൻ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
അണ്ടർ-ടെസ്റ്റിംഗ് AI മോഡലുകളുടെ ഉപയോഗം വ്യക്തമായ സർക്കാർ അനുമതിയോടെ വേണമെന്നും കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഡീപ് ഫേക്ക് അടക്കം വ്യക്തികൾക്ക് ഉപദ്രവം ഉണ്ടാക്കുന്ന നിരവധി പ്രശ്നങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മൂലം ഉണ്ടാകുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നിർദ്ദേശങ്ങൾ പാലിക്കാത്തത് ഐടി നിയമത്തിനും ക്രിമിനൽ ചട്ടങ്ങൾക്കും കീഴിലുള്ള പ്രത്യാഘാതങ്ങൾക്കും ശിക്ഷകൾക്കും കാരണമായേക്കാമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി.
Discussion about this post