ഗുജറാത്ത് : ഗുജറാത്തിൽ നടക്കുന്ന മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ പ്രീ വെഡിങ്ങ് ആഘോഷങ്ങളിൽ മെറ്റ സിഇഒ മാർക്ക് സുക്കർബർഗ് പങ്കെടുത്തു. ഭാര്യ പ്രസില്ല ചാനിനോടൊപ്പം ആണ് സുക്കർബർഗ് അംബാനി കുടുംബത്തിലെ വിവാഹത്തിന് എത്തിയത്. ഇന്ത്യൻ വിവാഹങ്ങൾ തനിക്ക് ശരിക്കും ഇഷ്ടപ്പെട്ടതായി മാർക്ക് സുക്കർബർഗ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
മാർച്ച് ഒന്നു മുതൽ മൂന്നു വരെയാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡിങ്ങ് ആഘോഷങ്ങൾ നടക്കുന്നത്. വിവിധ മേഖലകളിൽ നിന്നുമുള്ള നിരവധി സെലിബ്രിറ്റികളാണ് ഈ പ്രീ വെഡിങ് ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാനായി എത്തിയ ഫോട്ടോ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചുകൊണ്ടാണ് മാർക്ക് സുക്കർബർഗ് അനന്തിനും രാധികയ്ക്കും ആശംസകൾ നേർന്നത്.
കറുപ്പിൽ സ്വർണ നിറത്തിലുള്ള ഡിസൈനുകൾ കൊണ്ട് അലങ്കരിച്ച വസ്ത്രങ്ങൾ അണിഞ്ഞായിരുന്നു സുക്കർബർഗും ഭാര്യയും പ്രീ വെഡിങ്ങ് ആഘോഷങ്ങൾക്ക് എത്തിയിരുന്നത്. ബ്രിട്ടീഷ് ഫാഷൻ ഡിസൈനർ ആയ അലക്സാണ്ടർ മക്വീൻ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് ദമ്പതികൾ ധരിച്ചിരുന്നത്. ഒരു തുമ്പിയുടെ ചിത്രം പ്രധാന തീമായി ഒരുക്കിയ ബ്ലാക്ക്-ഓൺ-ബ്ലാക്ക് ഫയർഫ്ലൈ ബ്ലേസറും അതേ തീമിൽ മക്വീൻ ഡിസൈൻ ചെയ്ത ഷൂസും ആയിരുന്നു മാർക്ക് സുക്കർബർഗ് ധരിച്ചത്. പ്രസില്ല ചാനിന് വേണ്ടിയുള്ള കറുത്ത ഗൗണും അലക്സാണ്ടർ മക്വീൻ തന്നെയാണ് ഡിസൈൻ ചെയ്തത്.
Discussion about this post