തിരുവനന്തപുരം: കോളേജ് പഠനകാലത്ത് കെ എസ് യുവിന്റെ നേതാവായിരുന്നപ്പോൾ എസ്എഫ്‌ഐയുടെ ക്രൂര പഡനത്തിന് ഇരയാകേണ്ടി വന്ന ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കോളേജിന്റെ രണ്ടാമത്തെ നിലയിൽ നിന്നും എസ്എഫ്‌ഐക്കാർ താഴേക്ക് വലിച്ചെറിഞ്ഞതിനെ തുടർന്ന് നട്ടെല്ലിനും സുഷുമ്‌നാകാണ്ഢത്തിനും ഗുരുതരമായ ക്ഷതമുണ്ടായി. കുടുംബ ജീവിതം പോലും ഒഴിവാക്കേണ്ടി വന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഞാൻ ജീവിക്കുന്ന ഒരു രക്തസാക്ഷി: ചെറിയാൻ ഫിലിപ്പ്
എഴുപതുകളിൽ കെ.എസ്.യു നേതാവായിരുന്നപ്പോൾ എസ്.എഫ്.ഐ യുടെ ക്രൂരമായ പീഡനത്തിന് നിരന്തരം ഇരയായ ഒരു ജീവിക്കുന്ന രക്തസാക്ഷിയാണ് ഞാൻ.
യൂണിവേഴ്‌സിറ്റി കോളജിൽ പഠിക്കുമ്പോഴാണ് കോളജിന്റെ രണ്ടാം നിലയിൽ നിന്നും എസ്.എഫ്.ഐക്കാർ എന്നെ താഴേക്ക് വലിച്ചെറിഞ്ഞത്. നട്ടെല്ലിനും സുഷുമ്‌നാകാണ്ഢത്തിനും ഗുരുതരമായ ക്ഷതമുണ്ടായതിനെ തുടർന്ന് അരയ്ക്കു താഴെ നാഡീ വ്യവസ്ഥയ്ക്കും കാലുകളിലെ പേശീ വ്യൂഹത്തിനും ക്രമേണ ബലക്ഷയമുണ്ടായി. അതുകൊണ്ടാണ് കുടുംബ ജീവിതം ഒഴിവാക്കേണ്ടി വന്നത്. വർഷങ്ങളിലെ തുടർച്ചയായ അലോപ്പതി, ആയുർവേദ, അക്യൂപക്ചർ ചികിത്സ കൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. വർഷങ്ങളായി വേഗത്തിൽ നടക്കാനോ ചവിട്ടുപടികൾ കയറാനോ പ്രയാസമാണ്. ശാരീരിക അവശതകളുടെ കടുത്ത വേദന പേറുമ്പോഴും മനശക്തി കൊണ്ടാണ് പൊതുജീവിതത്തിൽ സജീവമായി ഇപ്പോഴും നിലനിൽക്കുന്നത്.
എന്നെ പീഢിപ്പിച്ച പലരും ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിലും അവരോട് ഒരിക്കലും പകയോ വിദ്വേഷമോ പുലർത്തിയിട്ടില്ല. എന്നോട് ക്ഷമ ചോദിച്ച പലരും ഇന്ന് എന്റെ ഉറ്റ സുഹൃത്തുക്കളാണ്.
സിദ്ധാർത്ഥിന്റെ ജീവിതം അപഹരിച്ച ക്രൂരത കണ്ടപ്പോൾ എസ്.എഫ്.ഐ യുടെ പഴയ കിരാത വാഴ്ച ഓർമ്മിച്ചെന്നു മാത്രം.












