തിരുവനന്തപുരം : സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്ക് ശമ്പള നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. ശമ്പളം അക്കൗണ്ടിൽ എത്തിയാലും പൂർണ്ണമായും പിൻവലിക്കാൻ കഴിയില്ല എന്നാണ് ലഭിക്കുന്ന സൂചന. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ ജീവനക്കാർക്ക് ഇത്രയും ദിവസം ശമ്പളം വൈകുന്നത്.
തിങ്കളാഴ്ചയോടെ സർക്കാർ ജീവനക്കാരുടെ അക്കൗണ്ടിൽ ശമ്പളം എത്തിയേക്കും എന്നാണ് സൂചന. എന്നാൽ ജീവനക്കാർക്ക് പിൻവലിക്കാവുന്ന തുകയിൽ പരിധി വയ്ക്കാൻ ആണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. കേന്ദ്രത്തില്‍ നിന്നും ഇനിയും 4600 കോടി രൂപ കൂടി കിട്ടാനുണ്ടെന്നും ആ തുക കിട്ടുന്നത് വരെ സർക്കാർ ജീവനക്കാർക്ക് മുഴുവൻ ശമ്പളവും നൽകാൻ കഴിയില്ലെന്നും ആണ് ധനവകുപ്പിന്റെ ന്യായീകരണം.
സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ പരിഷ്കരണവുമായി ബന്ധപ്പെട്ട് അര ശതമാനം കൂടി അധികം വായ്പ എടുക്കാൻ കേരളത്തിന് അർഹതയുണ്ട് എന്നാണ് ധനവകുപ്പ് വിശദീകരിക്കുന്നത്. 4600 കോടി രൂപയാണ് ഈ കണക്കിൽ കേന്ദ്രം കേരളത്തിന് തരേണ്ടതെന്നും സംസ്ഥാന ധന വകുപ്പ് പറയുന്നു. ഈ തുക ഉടൻ ലഭിച്ചാൽ മാത്രമേ സർക്കാർ ജീവനക്കാർക്ക് മുഴുവൻ ശമ്പളവും കൊടുക്കാനാകൂ എന്നാണ് ധനവകുപ്പ് അറിയിക്കുന്നത്. എന്നാൽ തിങ്കളാഴ്ചയും കൂടി ശമ്പളം ലഭിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് പോകാനാണ് സർക്കാർ ജീവനക്കാരുടെ സംഘടനകൾ തീരുമാനിച്ചിട്ടുള്ളത്.
Discussion about this post