തിരുവനന്തപുരം : ഏതാനും മാസങ്ങൾക്കു മുൻപ് തിരുവനന്തപുര മൃഗശാലയിൽ നിന്നും ചാടി പോയിക്കൊണ്ട് വാർത്തകളിൽ ഇടംപിടിച്ച താരമാണ് ഹനുമാൻ കുരങ്ങ്. ഏതാണ്ട് ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ഈ ഹനുമാൻ കുരങ്ങിനെ പിന്നീട് പിടികൂടാൻ സാധിച്ചിരുന്നത്. അന്ന് പിടികൂടി തിരിച്ചുകൊണ്ടുവന്ന ഹനുമാൻ കുരങ്ങ് പ്രസവിച്ച വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ഹനുമാൻ കുരങ്ങ് പ്രസവിച്ചതായും തിരുവനന്തപുരം മൃഗശാലയിൽ പുതിയ ഒരു അതിഥി എത്തിയതായും മൃഗശാല അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച രാവിലെയാണ് ചാടി പോയിരുന്ന ഹനുമാൻ കുരങ്ങ് ഒരു പെൺ കുരങ്ങിന് ജന്മം നൽകിയത്. ഹനുമാൻ കുരങ്ങിന്റെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നും മൃഗശാല അധികൃതർ അറിയിച്ചു. അഞ്ചു വയസ്സ് പ്രായമാണ് ഈ അമ്മക്കുരങ്ങിന് ഉള്ളത്.
തിരുപ്പതിയിൽ നിന്നുമാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് രണ്ട് ഹനുമാൻ കുരങ്ങുകളെ കൊണ്ടുവന്നിരുന്നത്. പ്രത്യേകം തയ്യാറാക്കിയ കൂട്ടിലായിരുന്നു ഈ ഇണക്കുരങ്ങുകളെ പാർപ്പിച്ചിരുന്നത്. ഈ കൂട്ടിൽ നിന്നും കഴിഞ്ഞ ജൂൺ അവസാനത്തോടെ മൃഗശാല അധികൃതരുടെ കണ്ണ് വെട്ടിച്ച് പെൺ കുരങ്ങ് ചാടി പോവുകയായിരുന്നു. പിന്നീട് 24 ദിവസം നീണ്ട തിരച്ചിലുകൾക്ക് ശേഷം പാളയത്തെ ജർമൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിയിൽ നിന്നുമാണ് ചാടി പോയിരുന്ന ഹനുമാൻ കുരങ്ങിനെ വീണ്ടും പിടികൂടിയത്.
Discussion about this post