ഭാരത ചരിത്രത്തിൽ എന്നും തങ്കലിപികളാൽ ചരിത്രം കുറിച്ചിട്ടുള്ളവരാണ് സ്ത്രീകൾ. പെൺകരുത്തായും ആശ്വാസകിരണമായും,അഭിമാനമായും എന്നും സ്ത്രീകൾ, ഭാരതത്തിന്റെ വളർച്ചയ്‌ക്കൊപ്പം പങ്കുചേർന്നവരാണ്. ഇതിൽ ഇന്ത്യ ഒരിക്കലും വിസ്മരിച്ചുകൂടാനാവാത്ത പേരുകളിലൊന്നാണ് അവനി ചതുർവേദി. മാതൃഭൂമിയെ കാക്കാനായി സൈനിക വേഷമണിഞ്ഞവൾ, പോർവിമാനവുമായി ചരിത്രത്തിലേക്ക് പറന്നവൾ.
കുട്ടിക്കാലത്ത് മദ്ധ്യപ്രദേശിന്റെ ആകാശത്തുകൂടി പറക്കുന്ന വിമാനങ്ങൾ സ്വപ്‌നം കണ്ട്, യൗവനാരംഭത്തിൽ തന്നെ യുദ്ധവിമാനം പറത്തിയ ഗ്രാമീണ പെൺകൊടി. 2018 ഫെബ്രുവരി 20 ന് 24 വയസ് മാത്രം പ്രായമുണ്ടായിരുന്ന അവനി, ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 ബൈസൺ യുദ്ധവിമാനം പറത്തിയത് ചരിത്രത്തിലേക്കായിരുന്നു. ഒറ്റയ്ക്ക് യുദ്ധ വിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിതാ പൈലറ്റെന്ന നേട്ടമാണ് ഇതിലൂടെ അവനിയ്ക്ക് സ്വന്തമായത്. ഹൈദരാബാദ് എയർഫോഴ്‌സ് അക്കാദമിയിൽ 150 മണിക്കൂറോളം വിമാനം പറത്തി പരിശീലനത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയ ശേഷമായിരുന്നു അവനിയുടെ ഈ അഭിമാന നേട്ടം. ഇന്ത്യൻ വ്യോമസേനയുടെ ഗുജറാത്തിലെ ജാംനഗർ ബേസിൽ നിന്നാണ് അവനി ചരിത്രത്തിലേക്ക് പറന്നുയർന്നത്.
യുദ്ധക്കളവും പോരാട്ടവീര്യവും ഭാരതസ്ത്രീകൾക്ക് പുത്തരിയല്ലെങ്കിലും ഇന്ത്യൻ വ്യോമസേന ചരിത്രത്തിൽ ഒരു യുദ്ധവിമാനം പറത്താൻ അവനിയുടെ പിറവി വരെ കാത്തിരിക്കേണ്ടി വന്നു. ആകാശത്ത് വച്ച് സ്വപ്‌നനേട്ടം സ്വന്തമാക്കാൻ അവനിയെ പ്രാപ്തമാക്കിയതാകട്ടെ കേന്ദ്രസർക്കാരിന്റെ വനിതാ സൈനികഉദ്യോഗസ്ഥരോടുള്ള നയമാറ്റവും. ഇന്ത്യൻ സൈന്യത്തിലെ എല്ലാ രംഗങ്ങളിലേക്കും വനിതകളെ അയക്കാനുള്ള മോദിസർക്കാരിന്റെ തീരുമാനമാണ് തുണയായത്. 2015 ഒക്ടോബർ മാസമാണ് വനിതകളെ പോർവിമാനങ്ങളുടെ പൈലറ്റുമാരാക്കാനുള്ള സുപ്രധാന തീരുമാനം സർക്കാർ കൈക്കൊണ്ടത്. തുടർന്ന് തിരഞ്ഞെടുത്തവർക്ക് പ്രത്യേകപരിശീലനം നൽകുകയായിരുന്നു. ഭാവന കാന്ത്, മോഹനസിംഗ് എന്നീ ഉദ്യോഗസ്ഥരും അവനിക്കൊപ്പം ചരിത്രത്തിന്റെ ഭാഗമാകാൻ കഠിനപരിശീലനത്തിൽ ഏർപ്പെട്ട് പിന്നാലെ വിജയം കൊയ്തു.
1993 ഒക്ടോബർ 24 ന് മദ്ധ്യപ്രദേശിലെ സൈനിക കുടുംബത്തിലാണ് അവനിയുടെ ജനനം. പട്ടാളവേഷക്കാരെ കണ്ടുവളർന്ന കുട്ടിക്കാലം, കുഞ്ഞ് അവനിയെ വലിയ സ്വപ്‌നങ്ങൾ കാണാൻ പ്രേരിപ്പിച്ചു. കരസൈനികനായ സഹോദരനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അവനി, സൈനിക കുപ്പായം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. തന്റെ ആരാധ്യപാത്രമായിരുന്ന കൽപ്പന ചൗളയെ പോലെ ഒരിക്കൽ താനും ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമാകുമെന്ന് അവൾ പ്രത്യാശിച്ചു. അവനിയുടെ സ്വപ്‌നം വെറുതെ ആയില്ല. 24 ാം വയസിൽ ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമായി അവനി ഭാരതത്തിന്റെ നാരിശക്തിയുടെ ചൂണ്ടുപലകകളിലൊന്നായി.
Discussion about this post