ഗാന്ധിനഗർ : ബിർസ മുണ്ട പ്രഭുവിന്റെ 150-ാം ജന്മവാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെത്തി. ഈ സന്ദർശന വേളയിൽ നർമ്മദ ജില്ലയിൽ 9,700 കോടിയിലധികം വിലമതിക്കുന്ന വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും. ഗോത്രവർഗ വിഭാഗത്തിന്റെ ക്ഷേമം, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, പൈതൃകം എന്നിവ ലക്ഷ്യം വെക്കുന്നതാണ് ഈ പദ്ധതികൾ.
ശനിയാഴ്ച ഉച്ചയ്ക്ക് നർമ്മദ ജില്ലയിലെത്തിയ മോദി ദേവമോഗ്ര ക്ഷേത്രത്തിൽ പൂജയും ദർശനവും നടത്തി. തുടർന്ന് ദെഡിയപാദയിൽ ഒരു പൊതു പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു. ഇവിടെവച്ചാണ് നിരവധി ആദിവാസി ക്ഷേമ പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. പ്രധാൻ മന്ത്രി ജൻജാതി ആദിവാസി ന്യായ് മഹാ അഭിയാൻ , ധർതി ആബ ജൻജാതി ഗ്രാം ഉത്കർഷ് അഭിയാൻ എന്നിവയ്ക്ക് കീഴിൽ നിർമ്മിച്ച ഒരു ലക്ഷം വീടുകളുടെ സമർപ്പണം പ്രധാനമന്ത്രി നിർവഹിച്ചു.
ഏകദേശം 1,900 കോടി രൂപ ചിലവ് വരുന്ന 42 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ, ദിബ്രുഗഡിലെ അസം മെഡിക്കൽ കോളേജിലെ കോംപിറ്റൻസി സെൻ്റർ, ഗോത്രവർഗ സംസ്‌കാരം സംരക്ഷിക്കുന്നതിനായി ഇംഫാലിലെ ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം എന്നിവയും ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതുകൂടാതെ പ്രധാനമന്ത്രി ഇന്ന്, സൂറത്തിലെ നിർമ്മാണത്തിലിരിക്കുന്ന ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ സന്ദർശിക്കുകയും മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ ഇടനാഴിയുടെ (എംഎഎച്ച്എസ്ആർ) പുരോഗതി അവലോകനം ചെയ്യുകയും ചെയ്യുന്നതാണ്.









Discussion about this post