ന്യൂഡൽഹി : ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരു എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ. ബംഗാളിലെ നോർത്ത് ദിനാജ്പൂരിൽ നിന്നുള്ള എംബിബിഎസ് വിദ്യാർത്ഥിയായ നിസാർ ആലം ആണ് അറസ്റ്റിലായിട്ടുള്ളത്. വൈറ്റ് കോളർ ഭീകര ശൃംഖലയുടെ ഗൂഢാലോചന കേന്ദ്രമായിരുന്ന ഫരീദാബാദിലെ അൽ ഫലാ സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു അറസ്റ്റിലായ നിസാർ ആലം.
പശ്ചിമ ബംഗാളിലെ സൂരജ്പൂർ മാർക്കറ്റിൽ വെച്ചാണ് നിസാർ ആലത്തെ അറസ്റ്റ് ചെയ്തതെന്ന് എൻഐഎ അറിയിച്ചു. ഇയാളിൽ നിന്നും ചില ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം അടുത്തിടെ നടന്ന കാർ ചാവേർ സ്ഫോടനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായാണ് നിസാറിനെ കസ്റ്റഡിയിലെടുത്തതെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.
നിസാറിന്റെ അറസ്റ്റിനെതിരെ പശ്ചിമബംഗാളിലെ ഇയാളുടെ കുടുംബവും ബന്ധുക്കളും രംഗത്തെത്തി. നിസാർ ആലം ശാന്ത സ്വഭാവമുള്ള വ്യക്തി ആണെന്നും പഠനത്തിൽ വളരെ താല്പര്യമുള്ള വിദ്യാർത്ഥിയാണെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. നിസാറിന് ഒരു കുറ്റകൃത്യത്തിലും ഏർപ്പെടാൻ കഴിയില്ല എന്നും കുടുംബവും ബന്ധുക്കളും സൂചിപ്പിച്ചു. ബംഗാളിൽ നിന്നും അറസ്റ്റിൽ ആയിട്ടുള്ള നിസാർ ആലമിനെ ന്യൂഡൽഹിയിലെ ദേശീയ അന്വേഷണ ഏജൻസി ആസ്ഥാനത്ത് എത്തിച്ച് ആയിരിക്കും ചോദ്യം ചെയ്യുക.









Discussion about this post