ന്യൂഡൽഹി: ബലാത്സംഗ, ഭൂമി കുംഭകോണ കേസുകളിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്‌ഖിനെ കേന്ദ്ര ഏജൻസികൾക്ക് കൈമാറണം എന്ന കൊൽക്കത്ത ഹൈ കോടതി വിധിക്കെതിരെ ബംഗാൾ സർക്കാർ നൽകിയ അപ്പീൽ അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി.
ലിസ്റ്റിംഗിനായി വിഷയം ചീഫ് ജസ്റ്റിസിന് മുമ്പാകെ വയ്ക്കുമെന്ന് സൂചിപ്പിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിരുന്നാലും, വാദം കേൾക്കുന്നതിനുള്ള കൃത്യമായ സമയമോ തീയതിയോ വ്യക്തമാക്കുന്നതിൽ നിന്ന് വിട്ടു നിന്നു. ഇതോടു കൂടി അടിയന്തരമായി ഇടപെടേണ്ട ഒരു പ്രാധാന്യവും ബംഗാൾ സർക്കാരിന്റെ അപ്പീലിന് ഇല്ലെന്ന് വ്യക്തമായിരിക്കുകയാണ്.
അടിയന്തര പരിഗണ വേണ്ട വിഷയമല്ല ഇത് എന്ന് സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ മമതാ ബാനർജിയെ രൂക്ഷമായി പരിഹസിച്ചു കൊണ്ട് ബി ജെ പി ഐ ടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തി.
“ഷെയ്ഖ് ഷാജഹാനെ രക്ഷിക്കാൻ പാവം മമതാ ബാനർജി ഇനി എന്ത് ചെയ്യും? വിഷയം അടിയന്തരമായി പരിഗണിക്കാനും കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാനും സുപ്രീം കോടതി വിസമ്മതിച്ചിരിക്കുകയാണ്. ഇനിയെങ്കിലും ഈ ബലാത്സംഗ വീരനെ സിബിഐക്ക് കൈമാറാൻ മമതാ ബാനർജി തയ്യാറാവണം. ബംഗാളിലെ സ്ത്രീകൾ മമത ബാനർജിയുടെ പ്രവൃത്തികൾ നിരീക്ഷിക്കുന്നുണ്ട് . അവരുടെ പീഡകനെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം മമത ചെയ്യുന്നു എന്ന് അവർക്ക് മനസ്സിലാകുന്നുണ്ട്” സമൂഹ മാദ്ധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ മാളവ്യ വ്യക്തമാക്കി.
സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ് എന്ന കാരണം പറഞ്ഞ് , ഷാജഹാൻ ഷെയ്ഖിനെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് (സിബിഐ) കൈമാറാൻ പശ്ചിമ ബംഗാൾ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സിഐഡി) ചൊവ്വാഴ്ച വിസമ്മതിച്ചിരുന്നു. നേരത്തെ ബംഗാൾ സംസ്ഥാനത്തിനകത്ത് നീതിപൂർവ്വമായ ഒരു അന്വേഷണം ഈ കേസിൽ ഉണ്ടാകില്ലെന്ന് വിലയിരുത്തി അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടാൻ ബംഗാൾ ഹൈ കോടതി വിധി പുറപ്പെടുവിച്ചിരുന്നു
Discussion about this post