ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസ് പ്രതിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്ത് . പ്രതി ബസിൽ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തൊപ്പിയും മുഖംമൂടിയും ധരിക്കാതെയുള്ള പ്രതിയുടെ മുഖം കാണിക്കുന്ന ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.
തൊപ്പിയും മാസ്‌കും ഗ്ലാസും ധരിച്ച് പ്രതി കഫേയിൽ പ്രവേശിക്കുന്ന ചിത്രം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ പ്രതിയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് വിട്ടിരുന്നു. കണ്ണടയും തൊപ്പിയും ധരിച്ച രീതിയിലാണ് ലുക്ക് ഔട്ട് നോട്ടീസിൽ പ്രതിയുടെ ചിത്രം എൻ ഐ എ പുറത്ത് വിട്ടത് . ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപയാണ് എൻഐഎ പാരിതോഷികമായി പ്രഖ്യാപിച്ചിട്ടുള്ളത്. വിവരം നൽകുന്നയാളുടെ വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ഏജൻസി അറിയിച്ചിരുന്നു.
ബംഗളൂരു ബ്രൂക് ഫീൽഡിൽ സ്ഥിതി ചെയ്യുന്ന കഫേയിൽ മാർച്ച് ഒന്നിനായിരുന്നു സ്ഫോടനം നടന്നത്. ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തിയ അജ്ഞാതൻ ബോംബ് അടങ്ങിയ ബാഗ് ട്രേയിൽ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു. ഉച്ചക്ക് 12.55ന് ബാഗിൽനിന്ന് പത്തു സെക്കൻഡ് ഇടവേളയിൽ രണ്ടു സ്ഫോടനങ്ങൾ നടക്കുകയായിരുന്നു. 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തീവ്രത കുറഞ്ഞ ഐഇഡി സ്ഫോടനമാണ് നടന്നതെന്ന് ഫോറൻസിക് വിഭാഗം കണ്ടെത്തിയിരുന്നു.
Discussion about this post